Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഡിസംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താനുള്ള സിപിഐഎം നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. പാർട്ടിയുടെ അടിത്തട്ടിൽ നടത്തിയ വിശദമായ അവലോകന റിപ്പോർട്ട് മൂന്നുദിവസമായി ചേരുന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ചർച്ച ചെയ്യും. സർക്കാരും ഇടതുമുന്നണിയും വരുത്തേണ്ട തിരുത്തലുകൾ പാർട്ടി തീരുമാനിക്കും.
അപ്രതീക്ഷിതമായി ഉണ്ടായ കനത്ത തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുകയാണ് ഇന്നത്തെ സെക്രട്ടേറിയറ്റിലും രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റിയിലും സിപിഐഎം ചെയ്യുക. തോൽവിക്ക് കാരണമെന്തൊക്കെയെന്ന് ആരാഞ്ഞ് അടിത്തട്ടിൽ നൽകിയ 22 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നേതൃയോഗത്തിൽ വിശദ പരിശോധനയ്ക്ക് വരും.
ശബരിമലയിലെ സ്വർണക്കൊള്ള തിരിച്ചടിയായോ, ഭരണ വിരുദ്ധ വികാരം ആഴത്തിൽ സ്വാധീനിച്ചോ, പിഎം ശ്രീ ഉൾപ്പെടെ നയപരമായി സർക്കാർ എടുത്ത തീരുമാനങ്ങൾ തെരഞ്ഞെടുപ്പിൽ ബാധിച്ചോ എന്നതടക്കമാണ് പാർട്ടി ചർച്ച ചെയ്യുക.വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്താത്തതിൻ്റെ കാരണം, സംഘടനാപരമായ ദൗർബല്യം എത്രയുണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാകും.
ഭരണവിരുദ്ധ വികാരം ഇല്ല, ശബരിമല സ്വർണക്കൊള്ള വലിയ സ്വാധീനം ഉണ്ടാക്കിയില്ല എന്നിങ്ങനെയാണ് പ്രാഥമികമായി പാർട്ടി വിലയിരുത്തിയത്. അതുകൊണ്ട് ആഴത്തിൽ പാർട്ടി നടത്തിയ പരിശോധന സർക്കാരിൻ്റെയും ഇടതുമുന്നണിയുടെയും തിരുത്തൽ നിർദേശങ്ങൾക്കാണ് വഴിയൊരുക്കുന്നത്. അതെങ്ങനെ വേണമെന്നുള്ള തീരുമാനമായിരിക്കും സിപിഐഎം സംസ്ഥാന നേതൃത്വ യോഗങ്ങളിൽ ഉണ്ടാവുകയെന്നാണ് ലഭ്യമാകുന്ന വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിലേത് തിരിച്ചടിയെന്ന് വിലയിരുത്തുമ്പോഴും മുന്നണി ആകെ തകർന്നടിഞ്ഞിട്ടില്ലെന്ന് സിപിഐഎം കണക്കുകൂട്ടുന്നു. മുന്നണിയുടെ അടിത്തറ ഭദ്രമാണ്. ഇപ്പോഴും സർക്കാരിൻ്റെ തുടർച്ചയ്ക്ക് സാധ്യത കൽപ്പിക്കുന്നു. ജനങ്ങൾക്ക് ബോധ്യമാകും വിധം മാറ്റം വരുത്തിയാൽ മതിയെന്നുമാണ് വിലയിരുത്തൽ. ആ മാറ്റങ്ങൾ എന്തൊക്കെയെന്ന ആലോചന ആകും സിപിഐഎം നടത്തുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR