കൂടുതൽ തൊഴിലവസരങ്ങൾ; വിദേശകാര്യ മന്ത്രിയുടെ വിയോജിപ്പിനിടയിലും ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ പ്രശംസിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി
Wellington, 27 ഡിസംബര്‍ (H.S.) വെല്ലിംഗ്ടൺ: വിദേശകാര്യ മന്ത്രിയുടെ ശക്തമായ വിയോജിപ്പിനെ അവഗണിച്ചുകൊണ്ട് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ (FTA) സ്വാഗതം ചെയ്ത് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഈ കരാർ തന്റെ സർക്കാരിന്റെ വലിയൊരു നേ
ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ പ്രശംസിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി


Wellington, 27 ഡിസംബര്‍ (H.S.)

വെല്ലിംഗ്ടൺ: വിദേശകാര്യ മന്ത്രിയുടെ ശക്തമായ വിയോജിപ്പിനെ അവഗണിച്ചുകൊണ്ട് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ (FTA) സ്വാഗതം ചെയ്ത് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഈ കരാർ തന്റെ സർക്കാരിന്റെ വലിയൊരു നേട്ടമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ദീർഘകാല സാമ്പത്തിക വളർച്ചയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ കരാറെന്ന് ലക്സൺ ശനിയാഴ്ച പറഞ്ഞു. ഞങ്ങളുടെ ആദ്യ ഭരണകാലയളവിൽ തന്നെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു, അത് നടപ്പിലാക്കി, അദ്ദേഹം വ്യക്തമാക്കി. 140 കോടി ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് ന്യൂസിലൻഡിന് വാതിൽ തുറന്നുകൊടുക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങളും ഉയർന്ന വരുമാനവും കയറ്റുമതിയിൽ വർധനയും ഉണ്ടാകുമെന്നും ലക്സൺ കൂട്ടിച്ചേർത്തു.

ഈ കരാർ ന്യൂസിലൻഡിലെ സഖ്യസർക്കാരിനുള്ളിൽ വലിയ ഭിന്നതകൾക്ക് കാരണമായിട്ടുണ്ട്. ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടി നേതാവും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ് കരാറിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും കരാറിനെ എതിർക്കുന്നതായി പീറ്റേഴ്‌സ് വ്യക്തമാക്കി. മതിയായ ചർച്ചകളില്ലാതെ തിരക്ക് കൂട്ടി ഒപ്പിട്ട ഒരു 'നിലവാരം കുറഞ്ഞ' കരാറാണിതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാർ ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കരാർ പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാനും കരാർ ലക്ഷ്യമിടുന്നു. ടെക്സ്റ്റൈൽസ്, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് തീരുവയില്ലാതെ ഇന്ത്യൻ വിപണിയിൽ പ്രവേശനം ലഭിക്കുമെന്നതാണ് കരാറിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. 2025 ഒക്ടോബറിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് കരാർ നടപടികൾ വേഗത്തിലായത്.

അതേസമയം വെല്ലിംഗ്ടൺ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഒരു ചരിത്രപരമായ നേട്ടമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വിശേഷിപ്പിച്ചു. ഈ കരാറിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ, ഉയർന്ന വരുമാനം, ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതി വർധന എന്നിവ സാധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബർ 22-നാണ് ഇന്ത്യയും ന്യൂസിലൻഡും സമഗ്രവും സന്തുലിതവുമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടത്. 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ വ്യാപാര കരാറുകളിൽ ഒന്നാണിത്. 2025 മാർച്ചിൽ ആരംഭിച്ച ചർച്ചകൾ അഞ്ച് ഔദ്യോഗിക റൗണ്ടുകൾക്ക് ശേഷമാണ് പൂർത്തിയായത്.

കരാറിന്റെ പ്രധാന നേട്ടങ്ങൾ:

നികുതി ഇളവ്: ഇന്ത്യയിൽ നിന്നുള്ള 100 ശതമാനം ഉൽപ്പന്നങ്ങൾക്കും ന്യൂസിലൻഡ് നികുതി രഹിത പ്രവേശനം അനുവദിക്കും. ഇത് ഇന്ത്യയുടെ ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ഓട്ടോമൊബൈൽസ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്കും ചെറുകിട സംരംഭകർക്കും വലിയ ഗുണകരമാകും.

തൊഴിൽ അവസരങ്ങൾ: ഐടി, വിദ്യാഭ്യാസം, ധനകാര്യം, വിനോദസഞ്ചാരം, നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ അവസരങ്ങൾ തുറക്കും.

പ്രത്യേക വിസ: ഇന്ത്യൻ പ്രൊഫഷണലുകൾക്കായി പുതിയ താത്കാലിക തൊഴിൽ വിസ (Temporary Employment Entry Visa) അനുവദിക്കും. ആയുഷ് പ്രാക്ടീഷണർമാർ, യോഗ ഇൻസ്ട്രക്ടർമാർ, ഇന്ത്യൻ ഷെഫ്‌മാർ, സംഗീത അധ്യാപകർ എന്നിവർക്ക് പുറമെ ഐടി, ആരോഗ്യരംഗം എന്നിവിടങ്ങളിലെ വിദഗ്ധർക്കും മൂന്ന് വർഷം വരെ കാലാവധിയുള്ള വിസ ലഭിക്കും. ഒരേസമയം അയ്യായിരം വിസകൾ വരെ ഇത്തരത്തിൽ അനുവദിക്കും.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2024-25ൽ 1.3 ബില്യൺ ഡോളറിലെത്തിയിരുന്നു. സേവന മേഖലയിലെ വ്യാപാരം ഉൾപ്പെടെ ഇത് 2.4 ബില്യൺ ഡോളറാണ്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്താർജ്ജിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News