Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഡിസംബര്‍ (H.S.)
രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനുള്ള ഒരുക്കത്തിലാണ് നിയമസഭ. 2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം തീർത്തും സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ, 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പിൽ തയ്യാറാകുന്നത്.
പുസ്തകങ്ങള്‍ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികള്‍ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികള്‍ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു.
സോഷ്യല്‍ മീഡിയ റീലുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും അതിപ്രസരത്തില്‍ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ കെ.എല്‍.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങള്‍ക്കാകുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു.
അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുട്ടികളുടെ ആശയസംവാദങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്.
സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍ എന്ന ഈ വേദിയില്‍ ജനുവരി 7 മുതല്‍ 13 വരെയുള്ള (11-ാം തീയതി ഞായറാഴ്ച ഒഴികെ) എല്ലാ ദിവസങ്ങളിലും പ്രമുരായ വ്യക്തികള്‍ കുട്ടികളുമായി സംവദിക്കുന്നു.പപ്പറ്റ് ഷോകൾ, മാജിക് ഷോകൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ സ്റ്റുഡന്റ് കോർണർ വേദിയെ ആകർഷകമാക്കുന്നു. പ്രസാധകർ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചർച്ചകളും നിയമസഭയിലെ മൂന്ന് വേദികളിലായി നടക്കും. നിയമസഭയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളിൽവച്ച് നടക്കും.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍, കെ.വി. മനോജ്കുമാര്‍, അര്‍ജുന്‍ പാണ്ഡ്യന്‍, എം. ജി. രാജമാണിക്യം, ഡോ. കെ.വാസുകി തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥര്‍,
നേവിയുടെ ലഫ്റ്റനന്റ്‍ കമാന്‍ഡേഴ്സ് ആയ ദില്‍ന .കെ, എ. രൂപിമ എന്നിവര്‍,
കലാമണ്ഡലം ബിന്ദുമാരാര്, കല്ല്യാണി ഗോപകുമാര്‍, ശ്രീജ പ്രിയദര്‍ശനന്, മീനാക്ഷി, കെ.പി.ശശികുമാര്‍, അഖില്‍ പി.ധര്‍മ്മജന്‍, മെന്റലിസ്റ്റ് അനന്തു, ബാബു അബ്രഹാം തുടങ്ങിയ സാഹിത്യ- സാമൂഹിക- കലാരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള ശ്രദ്ധേയ വ്യക്തിത്വങ്ങളുമായി സംവദിക്കാന്‍ KLIBF സ്റ്റുഡന്റ്സ് കോര്‍ണര്‍ വേദിയൊരുക്കുന്നു.
ഇവരെ കൂടാതെ അയിഷ ആനടിയില്‍, ഫാത്തിമ അന്‍ഷി തുടങ്ങിയ വിദ്യാര്‍ത്ഥിസുഹൃത്തുക്കളും KLIBF4 ന്റെ അതിഥികളായി സ്റ്റുഡന്റ്സ് കോര്‍ണര്‍ വേദിയിലെത്തും.
ജനുവരി 8 മുതൽ 12 വരെയുള്ള തീയതികളിലായി വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടുമെന്നത് ഇത്തവണത്തെ പുസ്തകോത്സവത്തെ സവിശേഷ അനുഭവമാക്കി മാറ്റും. പുസ്തകോത്സവരാവുകളെ വർണ്ണാഭമാക്കുന്ന മെഗാഷോകൾ, കേരളത്തിന്റെ രുചിവൈവിധ്യമറിയാൻ ഭക്ഷ്യമേള, ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൈയ്യൊപ്പ് വാങ്ങാൻ അവസരം തുടങ്ങിയവ പുസ്തകോത്സവത്തെ തലസ്ഥാനനഗരിയുടെ ആഘോഷമാക്കി മാറ്റുന്നു. അറിവിന്റെ ജനാധിപത്യം ആഘോഷിക്കുന്ന ഏഴ് ദിനരാത്രങ്ങൾക്കായി കേരള നിയമസഭ ഒരുങ്ങുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR