Enter your Email Address to subscribe to our newsletters

Sabarimala, 27 ഡിസംബര്‍ (H.S.)
ശബരിമലയില്‍ തിരക്കുള്ള ദിവസങ്ങളില്‍ പോലും സുഖദര്‍ശനം ഉറപ്പാക്കാന്‍ സാധിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് പ്രസിഡന്റ് കെ. ജയകുമാര്‍. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പോലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദര്‍ശനം ഉറപ്പാക്കിയെന്നും കെ. ജയകുമാര്‍ പറഞ്ഞു.
40 ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ ഭക്തര്‍ വന്നുപോയി. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞസീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. ഭക്തരുടെ വര്‍ധിച്ച വിശ്വാസമാണിതില്‍ പ്രതിഫലിക്കുന്നത്. സദ്യ ഉള്‍പ്പെടുത്തി അന്നദാനത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാന്‍ വരുന്ന ഭക്തര്‍ക്കു രുചികരമായ ഭക്ഷണം നല്‍കുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നിലെന്നു ജയകുമാര്‍ പറഞ്ഞു.
പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കുന്ന നിലപാടാണ് ബോര്‍ഡും എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേര്‍ വരുന്ന സ്ഥലത്ത് പരാതികള്‍ സ്വഭാവികമാണ്. കോടതിയുടെ സമയോചിത നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുപോകുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ല. അരവണ പ്രസാദം ആദ്യം മുപ്പതും നാല്‍പതും നല്‍കിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതില്‍ ഭക്തര്‍ക്കു നിരാശയുണ്ടായിട്ടുണ്ട്. അതുപരിഹരിക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്.
ഇന്ന് നട അടയ്ക്കുമ്പോള്‍ മുതല്‍ അരവണയുടെ ഉല്‍പാദനത്തില്‍ വര്‍ധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോള്‍ 12 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടര്‍ന്നാല്‍ ശേഷിക്കുന്ന കാലയളവില്‍ പ്രശ്നമുണ്ടാകില്ല. കൂടുതല്‍ വേണ്ടവര്‍ക്ക് ജനുവരി 20ന് ശേഷം തപാല്‍മാര്‍ഗം അയക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിക്കും. ഡിസംബര്‍ 29ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്പയില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്. 29ന് തിരുവനന്തപുരത്ത്് വനംവകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്നങ്ങള്‍ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S