'പ്രതിയും സിബിഐയും ഒത്തുകളിക്കുന്നു'; ആരോപണവുമായി ഉന്നാവോ അതിജീവിത
New delhi, 27 ഡിസംബര്‍ (H.S.) വിവാദമായ ഉന്നാവോ പീഡനക്കേസിലെ അതിജീവിതയും അമ്മയും സിബിഐ ഓഫീസിലെത്തി പരാതി നല്‍കി. കേസിലെ പ്രധാന പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗറും സിബിഐ അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിക്കുന്നു എന്നാണ
unnao


New delhi, 27 ഡിസംബര്‍ (H.S.)

വിവാദമായ ഉന്നാവോ പീഡനക്കേസിലെ അതിജീവിതയും അമ്മയും സിബിഐ ഓഫീസിലെത്തി പരാതി നല്‍കി. കേസിലെ പ്രധാന പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗറും സിബിഐ അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിക്കുന്നു എന്നാണ് ഇവരുടെ പ്രധാന ആരോപണം.

പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സെന്‍ഗറിന് ഡല്‍ഹി ഹൈക്കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ അതിജീവിത വലിയ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തി. സിബിഐ ഉദ്യോഗസ്ഥന്‍ സെന്‍ഗറുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്നും ഇത് കേസിനെ അട്ടിമറിക്കാനാണെന്നും അതിജീവിത ആരോപിക്കുന്നു. ഇത്രയും കാലം സിബിഐ എന്ത് ചെയ്യുകയായിരുന്നു എന്നും അവര്‍ ചോദിച്ചു.

സെന്‍ഗറിന് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിജീവിതയും സ്വന്തം നിലയ്ക്ക് ഇതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കും. 15 ലക്ഷം രൂപയുടെ ബോണ്ടും ഡല്‍ഹി വിട്ടുപോകരുത് എന്ന നിബന്ധനയോടെയുമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. കൂടാതെ അതിജീവിതയുടെ വീടിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കാനും പാടില്ലന്നും നിര്‍ദേശമുണ്ട്. ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും സെന്‍ഗറിന് ഉടനെ പുറത്തിറങ്ങാന്‍ കഴിയില്ല. അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സെന്‍ഗറിന് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഈ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇയാള്‍ ജയിലില്‍ തന്നെ തുടരും.

അതിജീവിത കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണോ കൂട്ടബലാത്സംഗത്തിനിരയായ അതിജീവിത അര്‍ഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിജീവിതയും മാതാവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. അതിജീവിതയുടെ മാതാവിനെ അര്‍ദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിന് മണിക്കൂറുകള്‍ക്കുശേഷം ബുധനാഴ്ച വൈകിട്ടാണ് രാഹുല്‍ ഇരുവരെയും കണ്ടത്. സോണിയയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

'ഇതാണോ കൂട്ടബലാത്സംഗത്തിനിരയായ അതിജീവിത അര്‍ഹിക്കുന്നത്?. നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതാണോ അവള്‍ ചെയ്ത തെറ്റ്. കുറ്റവാളിക്ക് (ബിജെപി മുന്‍ എംഎല്‍എ) ജാമ്യം ലഭിച്ചെന്നത് അങ്ങേയറ്റം നിരാശാജനകവും ലജ്ജാകരവുമാണ്. പ്രത്യേകിച്ചും, അതീജിവിത ഭയത്തിലും നിരന്തരം പീഡിപ്പിക്കപ്പെട്ടും കഴിയുമ്പോള്‍. റേപ്പിസ്റ്റുകള്‍ക്ക് ജാമ്യവും അതിജീവിതകളെ ക്രിമിനലുകളെപ്പോലെ കാണുകയും ചെയ്യുന്നത് എന്തുതരം നീതിയാണ്? നമ്മള്‍ ചത്ത സമ്പദ് വ്യവസ്ഥയാകുക മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത പ്രവൃത്തികളിലൂടെ ചത്ത സമൂഹം കൂടിയാകുകയാണ്.'-രാഹുല്‍ ഗാന്ധി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News