Enter your Email Address to subscribe to our newsletters

Yelahanka, 28 ഡിസംബര്‍ (H.S.)
കർണാടക സർക്കാർ യെലഹങ്ക കോളനിയിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതിനെതിരെ രൂക്ഷ വിമർശനവുമായി സുന്നി എ പി വിഭാഗം. സിറാജ് ദിനപത്രത്തിൻ്റെ എഡിറ്റോറിയലിലാണ് ബുൾഡോസർ രാജിനെതിരെ അതിരൂക്ഷ വിമർശനം ഉയർന്നത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളെ സിദ്ധരാമയ്യയുടെ കോൺഗ്രസ് ഭരണകൂടം വഴിയാധാരമാക്കി. ബുൾഡോസറുകളും പൊലീസുകാരുമെത്തി വീടുകൾ പൊളിച്ചു നീക്കുന്നത് ഭരണപരമായ അവകാശമല്ല, പൗരവകാശങ്ങളെ കവർന്നെടുക്കലാണെന്നും എഡിറ്റോറിയൽ പറയുന്നു. യെലഹങ്ക ഫഖീർ കോളനിയിലെ കെട്ടിടങ്ങൾ അനധികൃതമാണെങ്കിൽ അതിനു ഉത്തരവാദി ആരാണെന്നും സിറാജ് എഡിറ്റോറിയലിൽ ചോദ്യമുന്നയിക്കുന്നുണ്ട്.
ബുൾഡോസർ രാജിനു രാജ്യത്ത് തുടക്കമിട്ടതും കോൺഗ്രസ് ആണെന്നും എഡിറ്റോറിയലിൽ പരാമർശിക്കുന്നു. 1976-ൽ അടിയന്തിരാവസ്ഥ കാലത്ത് ഡൽഹി തുർക്കുമാൻ ഗേറ്റിൽ നഗര സൗന്ദര്യവത്കരണത്തിന്റെ പേരിൽ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ബുൾഡോസർ രാജിൽ ഇരകളായത് നൂറുകണക്കിന് പേരാണെന്നും യലഹങ്ക ഫഖീർ കോളനിയിലെ ബുൾഡോസർ രാജിനു 'തുർക്കുമാൻ ഗേറ്റു'മായി ചില സാമ്യതകളുണ്ടെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.
ഭരണകൂട ഭീകരതക്ക് നിയമനടപടിയുടെ മേലങ്കി ചാർത്തുന്നത് അപഹാസ്യം ആണെന്നും എഡിറ്റോറിയലിൽ വിമർശനമുയർന്നു. പാവപ്പെട്ടവൻ്റെ കണ്ണീരിൻ്റെ മേലാകരുത് വികസനവും പദ്ധതിപ്രവർത്തനങ്ങളുമെന്നും എഡിറ്റോറിയൽ ഓർമിപ്പിക്കുന്നു. ഒരു കെട്ടിടം പൊളിയുമ്പോൾ സിമൻ്റും ഇഷ്ടികയും മാത്രമല്ല തകരുന്നത്, അതിനകത്ത് താമസിക്കുന്ന മനുഷ്യരുടെ സുരക്ഷയും ജീവനും കൂടിയാണ്. ഇതോടൊപ്പം രാജ്യത്തെ ജനാധിപത്യ വാഴ്ചയും തകരുന്നു. അനധികൃതമെന്ന പേരിൽ നടക്കുന്ന ഏതു പൊളിച്ചു നീക്കൽ നടപടികൾക്കും വിധേയമാകുന്നത് സാധാരണക്കാരും ചെറുകിട വ്യാപാരികളുമാണ്. കോർപറേറ്റുകളുടേയും രാഷ്ട്രീയ പ്രമുഖരുടേയും വൻകിട കെട്ടിടങ്ങൾക്ക് നേരെ ഈ ബുൾഡോസറുകൾ നീങ്ങാത്തത് എന്തുകൊണ്ടാണെന്നും എഡിറ്റോറിയൽ ചോദിക്കുന്നു.
അതേസമയം, കർണാടകയിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും രംഗത്തെത്തി. വീട് നഷ്ടമായവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവർ ചീപ്പ് പരിപാടിയാണ് ചെയ്യുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
എല്ലാം നേരത്തെ അറിയിച്ചുകൊണ്ട്, അർഹരായവർക്ക് താമസ സ്ഥലം ഉറപ്പാക്കും എന്ന് അറിയിച്ചുകൊണ്ടാണ് കെട്ടിടങ്ങൾ പൊളിച്ചതെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. എല്ലാവർക്കും പുനരധിവാസം ഉറപ്പാക്കുമെന്നും അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. യുപിയിലേത് പോലെ ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രമല്ല. എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും കർണാടകയിൽ ഒഴിപ്പിച്ചിട്ടുണ്ടെന്ന വിചിത്ര ന്യായീകരണവും പി.കെ. കുഞ്ഞാലിക്കുട്ടി നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR