മറ്റത്തൂരിലേത് കേരളം കണ്ട് പരിചയിച്ച രാഷ്ട്രീയക്കാഴ്ചയല്ലെന്ന് മുഖ്യമന്ത്രി
Thrissur, 28 ഡിസംബര്‍ (H.S.) മറ്റത്തൂരിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള കൂട്ടക്കൂറുമാറ്റത്തിൽ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താൻ തക്കം പാർത്തിരിക്കുകയാണ് കോൺഗ്രസെന്നാണ് പിണറായി വിജയൻ്റെ നിശിത വ
Pinarayi Vijayan


Thrissur, 28 ഡിസംബര്‍ (H.S.)

മറ്റത്തൂരിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള കൂട്ടക്കൂറുമാറ്റത്തിൽ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താൻ തക്കം പാർത്തിരിക്കുകയാണ് കോൺഗ്രസെന്നാണ് പിണറായി വിജയൻ്റെ നിശിത വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളം പരിചയിച്ച രാഷ്ട്രീയക്കാഴ്ചയല്ല മറ്റത്തൂരിൽ കണ്ടെതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഒറ്റച്ചാട്ടത്തിന് ബി ജെ പിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.

2016-ൽ അരുണാചൽ പ്രദേശിൽ ആകെ 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.

ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്.

എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News