Enter your Email Address to subscribe to our newsletters

Shasthamangalam , 28 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് ആർ ശ്രീലേഖ. ഒരു നില മുഴുവൻ എം എൽ എ കയ്യടക്കി വച്ചിരിക്കുകയാണെന്നും, കൗൺസിലർക്ക് പ്രവർത്തിക്കാൻ സ്ഥലമില്ലാത്തതിനാലാണ് ഒഴിയാൻ ആവശ്യപ്പെട്ടതെന്നുമാണ് ശ്രീലേഖ വ്യക്തമാക്കുന്നത്.
കോർപറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണ്. അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷന്‍റെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തന്‍റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാൻ ആവശ്യപെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു.
ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ്. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
അതേസമയം ഒരു എം എൽ എ ആയ തന്നോട് വെറുമൊരു കൗൺസിലർ ഇങ്ങനെ ആവശ്യപ്പെട്ടത് ശരിയല്ലെന്നാണ് വി കെ പ്രശാന്ത് എം എൽ എ യുടെ വാദം.
എം എൽ എ യുടെ വാക്കുകൾ
മുൻ മേയർ ആയിരിക്കുന്ന ഒരു ആളോട് കൂടിയാണ് ഇത് പറയുന്നത് എന്ന് കൂടി ഓർമ്മിപ്പിക്കണം.
അപ്പോൾ ആ നിലയിൽ ഒരു സാമാന്യ മര്യാദ കാണിക്കാതെ ആണ് കൗൺസിലർക്ക് സൗകര്യം വരാത്തത് കൊണ്ട് എംഎൽഎ മാറി തരണം എന്ന് പറയുന്ന നില വരുന്നത്. അപ്പോൾ ഇത് ഒരു ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ച ഒരു കാര്യമല്ല. ഇത് ബന്ധപ്പെട്ട ആൾക്കാരുമായിട്ട് ആലോചിച്ചിട്ടാണോ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത് എന്നുള്ള കാര്യം എനിക്ക് സംശയമുണ്ടെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു. അതിന് പരിശോധിച്ചു മാത്രമേ വ്യക്തമാക്കാൻ വേണ്ടി കഴിയൂ. അടുത്ത മാർച്ച് വരെ കരാർ കാലാവധി ഉണ്ട്. അതുവരെ തുടരും. അതിനു മുമ്പ് ഒഴിപ്പിക്കണമെങ്കിൽ ഒഴിപ്പിച്ചോളൂ എന്ന് ഞാൻ അവരോട് പറഞ്ഞിട്ടാണ് ആണ് സംഭാഷണം അവസാനിപ്പിച്ചതെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു.
---------------
Hindusthan Samachar / Roshith K