Enter your Email Address to subscribe to our newsletters

Kerala, 28 ഡിസംബര്‍ (H.S.)
തിരൂർ ∙ ശിവപഞ്ചാക്ഷരീ മന്ത്രജപത്താൽ ഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ വർണക്കൊടി വാനിലേക്കുയർന്നതോടെ തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ തിരുവാതിര ഉത്സവമേളമായി. ഇനി 7 നാളുകൾ ഇവിടെ ഭക്തി നിറഞ്ഞ ആഘോഷമാണ്. ഇന്നലെ വൈകിട്ട് തന്ത്രി തെക്കേടത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പൂജകൾക്കു ശേഷമാണ് ശിവക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലുള്ള കൊടിമരത്തിൽ കൊടിയേറ്റം നടത്തിയത്.
തുടർന്ന് നാലമ്പലത്തിനു ചുറ്റും ദിക‍്കൊടികൾ പ്രതിഷ്ഠിച്ചു. അത്താഴപ്പൂജയ്ക്കു ശേഷം ശ്രീഭൂതബലിയും വിളക്ക് എഴുന്നള്ളിപ്പും നടത്തി ഇന്നലെ രാത്രി നടയടച്ചു. നോർത്ത് പറവൂർ ഓംകാരം ഫ്യൂഷൻസ് അവതരിപ്പിച്ച വാദ്യലയ തരംഗും ഇന്നലെ രാത്രി ക്ഷേത്രത്തിനകത്തെ ശിവശൈലം ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ന് രാവിലെ 4ന് കേളിയും നാദസ്വരവുമായി പള്ളിയുണർത്തും. തുടർന്ന് പ്രത്യേക പൂജകളും ശംഖാഭിഷേകം, മൃത്യുഞ്ജയഹോമം ഉൾപ്പെടെയുള്ള സ്ഥിരം വഴിപാടുകളും നടക്കും.
രാവിലെ 7.30ന് ശീവേലിയും വൈകിട്ട് 4.30ന് കാഴ്ചശീവേലിയും നടക്കും. എല്ലാ ദിവസവും ക്ഷേത്രത്തിൽ തായമ്പകകളും 2 വേദികളിലായി കലാപരിപാടികളുമുണ്ട്.
ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം എഡിജിപി എസ്.ശ്രീജിത് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ തൃപ്രങ്ങോട് ദേവസ്വത്തിന്റെ മൃത്യുഞ്ജയകീർത്തി പുരസ്കാരം (25,000 രൂപ) കവി വി.മധുസൂദനൻ നായർക്ക് സാമൂതിരി പി.കെ.കേരള വർമ രാജ സമ്മാനിക്കും. ജനുവരി ഒന്നിന് ഉത്സവത്തിലെ പ്രധാന ചടങ്ങായ ഉത്സവബലി നടക്കും. നാലമ്പലത്തിനുള്ളിൽ പഴുക്കാമണ്ഡപത്തിൽ ഭഗവാൻ ഭക്തർക്കു ദർശനം നൽകും. 2ന് വൈകിട്ട് പള്ളിവേട്ട. കിഴക്കേ നടയിൽ ഒരുക്കിയ പ്രത്യേക കേന്ദ്രത്തിലാണ് പള്ളിവേട്ട നടക്കുന്നത്. ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ പുറത്തേക്കു പോകുന്ന ഭഗവാനെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളിക്കും. 3ന് രാവിലെ ക്ഷേത്രച്ചിറയിൽ പ്രത്യേകമൊരുക്കിയ കടവിൽ ആറാട്ട് നടക്കും.
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രം (Thriprangode Shiva Temple). കാലനെ സംഹരിച്ച് മാർക്കണ്ഡേയനെ രക്ഷിച്ച ഭാവത്തിലാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്.
ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ
- സ്ഥലം: കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
- പ്രതിഷ്ഠ: പ്രധാന പ്രതിഷ്ഠ പടിഞ്ഞാറോട്ട് ദർശനമുള്ള സ്വയംഭൂ (സ്വയം ഉത്ഭവിച്ച) ശിവലിംഗമാണ്. കാലസംഹാരമൂർത്തി സങ്കൽപ്പത്തിലാണ് ഭഗവാൻ ഇവിടെ വാഴുന്നത്.
- ഐതിഹ്യം: മാർക്കണ്ഡേയ മഹർഷിയുടെ ജീവനെടുക്കാൻ യമൻ (മരണദേവൻ) വന്നപ്പോൾ, ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ട് യമനെ സംഹരിക്കുകയും മാർക്കണ്ഡേയന് നിത്യജീവൻ നൽകുകയും ചെയ്തു എന്നാണ് ഐതിഹ്യം.
- വാസ്തുവിദ്യ: പ്രധാന ശ്രീകോവിൽ ഗജപൃഷ്ഠാകൃതിയിൽ (ആനയുടെ പിൻഭാഗത്തിൻ്റെ ആകൃതി) രണ്ടുനിലകളുള്ളതാണ്. ഏകദേശം 6 ഏക്കർ വിസ്തൃതിയുള്ളതാണ് ക്ഷേത്ര സമുച്ചയം.
- ഉപദേവതകൾ: പാർവ്വതി, ഗണപതി, ദക്ഷിണാമൂർത്തി, മഹാവിഷ്ണു (ഗോശാലകൃഷ്ണ സങ്കൽപ്പത്തിൽ), അയ്യപ്പൻ, വേട്ടയ്ക്കൊരുമകൻ, ഭദ്രകാളി, ബ്രഹ്മരക്ഷസ്സ്, നാഗദേവതകൾ എന്നിവരാണ് ഇവിടുത്തെ ഉപദേവതകൾ.
- പ്രധാന വഴിപാടുകൾ: ക്ഷേത്രക്കുളത്തിലെ ജലം വലംപിരി ശംഖിൽ നിറച്ച് അഭിഷേകം ചെയ്യുന്ന ശംഖാഭിഷേകം ആണ് ഏറ്റവും പ്രധാന വഴിപാട്. ദീർഘായുസ്സിനും അപമൃത്യുവിൽ നിന്ന് രക്ഷ നേടാനും മൃത്യുഞ്ജയഹോമം, നിലത്ത് ഉരുണ്ടുകൊണ്ടുള്ള ശയനപ്രദക്ഷിണം എന്നിവയും പ്രധാനമാണ്.
- പ്രധാന ഉത്സവങ്ങൾ: ധനുമാസത്തിലെ തിരുവാതിര ആറാട്ടായി വരുന്ന എട്ടുദിവസത്തെ വാർഷികോത്സവവും കുംഭമാസത്തിലെ മഹാശിവരാത്രിയുമാണ് പ്രധാന വിശേഷങ്ങൾ.
- ക്ഷേത്ര സമയം: ക്ഷേത്രം സാധാരണയായി രാവിലെ 4:30 മുതൽ 11:30 വരെയും വൈകുന്നേരം 4:30 മുതൽ 8:00 വരെയും തുറന്നിരിക്കും.
---------------
Hindusthan Samachar / Roshith K