Enter your Email Address to subscribe to our newsletters

Palakkad, 29 ഡിസംബര്‍ (H.S.)
അഗളി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ പ്രസിഡൻ്റ് പദവിയിൽ എത്തിയ എൻ.കെ. മഞ്ജു രാജിവെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം. മഞ്ജു പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ദൃശ്യമാധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞതെന്ന് സിപിഐഎം ജില്ല കമ്മറ്റി അംഗം സി.പി. ബാബു പറഞ്ഞു.
മഞ്ജു രാജിവയ്ക്കാൻ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചതിനു ശേഷം മറുപടി പറയാമെന്നാണ് സി.പി. ബാബുവിൻ്റെ പ്രതികരണം. ഇപ്പോഴത്തെ വിഷയങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സി.പി. ബാബു പറഞ്ഞു.
കൂറുമാറ്റം വിവാദമായതോടെയാണ് അഗളി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. മഞ്ജു രാജിവച്ചത്. ഡിസിസിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി. സിപിഐഎം പിന്തുണയോടെയാണ് യുഡിഎഫ് അംഗമായ മഞ്ജു പ്രസിഡൻ്റായത്.
അന്നും ഇന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണെന്ന് രാജിക്ക് പിന്നാലെ മഞ്ജു പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചപ്പോൾ എൽഡിഎഫ് മെമ്പർമാർ പിന്തുണയ്ക്കുക മാത്രമാണ് ഉണ്ടായത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ എൽഡിഎഫ് പിന്തുണ സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നെന്നും മഞ്ജു പറഞ്ഞു.
കൂറുമാറ്റത്തിന് പിന്നാലെ എൻ.കെ. മഞ്ജുവിനെതിരെ കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ മഞ്ജുവിന് അബദ്ധം സംഭവിച്ചതായിരിക്കാം എന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ്റെ പ്രസ്താവന. പ്രദേശിക കോൺഗ്രസ് നേതൃത്വം മഞ്ജുവുമായി ചർച്ച നടത്തുകയും ചെയ്തു. പണം വാങ്ങിയിട്ടില്ലെന്നും പെട്ടെന്നുണ്ടായ ചിന്തയാണെന്നും മഞ്ജു നേതൃത്വത്തെ അറിയിച്ചതായും എ. തങ്കപ്പൻപറഞ്ഞു.
എന്നാൽ അഗളി പഞ്ചായത്തിൽ നടന്നത് മാഫിയ സംഘത്തിന്റെ അട്ടിമറിയാണെന്നാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി ഷിബു സിറിയകാൻ്റെ പ്രസ്താവന. പിന്നിൽ പ്രവർത്തിച്ചത് സിപിഐഎം നേതാവ് സി.പി. ബാബുവെന്നും ഷിബു സിറിയക് ആരോപിച്ചു. റിസോർട്ട് മാഫിയയും , കോൺട്രാക്ടർമാരും അട്ടിമറിയുടെ ഭാഗമായി നിന്നു. പത്തുവർഷമായി നടന്ന അഴിമതിയുടെ വിവരങ്ങൾ പുറത്തുവരരുതെന്ന ലക്ഷ്യമാണ് പിന്നിൽ. കോൺഗ്രസ് എല്ലാം ശക്തിയും ഉപയോഗിച്ച് നേരിടുമെന്നും ഷിബു സിറിയക് പറഞ്ഞു.
അഗളി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസത്തിൽ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാർ സഭയുടെ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ഫാദർ സേവ്യർ ഖാൻ വട്ടയിൽ അച്ചനും പറഞ്ഞിരുന്നു.അട്ടപ്പാടിയിലെ ഇടതുപക്ഷ പാർട്ടികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തത്വസംഹിതകൾ കാറ്റിൽ പറത്തി. ജനാധിപത്യ മര്യാദകൾ തകിടം മറിച്ചുവെന്നും ഫാദർ സേവ്യർ ഖാൻ ഫെയ്സ്ബുക്കിൽ കുറിക്കുകയുണ്ടായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR