Enter your Email Address to subscribe to our newsletters

Kochi, 29 ഡിസംബര്‍ (H.S.)
പുതുവത്സരത്തെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഫോർട്ട് കൊച്ചി.ഇത്തവണ കൊച്ചിയിൽ രണ്ടിടത്തായാണ് ഭീമൻ പാപ്പാഞ്ഞികൾ ഒരുങ്ങുന്നത്. കലയും സംസ്കാരവും ഐക്യവും സന്ദേശമാക്കിയാണ് കൊച്ചിൻ കാർണിവൽ ഈ വർഷവും പുതുവത്സര ആഘോഷങ്ങൾക്ക് നിറം പകരാൻ ഒരുങ്ങുന്നത്.
ഫോർട്ട് കൊച്ചിയിൽ നൂറ്റാണ്ടുകളായി തുടരുന്ന ഒന്നാണ് പുതുവത്സരത്തെ വരവേറ്റ് കൊണ്ട് പാപ്പാഞ്ഞിയെ അഗ്നിക്ക് ഇരയാക്കൽ. പോയ വർഷത്തെ ദുഃഖങ്ങളും നഷ്ടങ്ങളും എല്ലാം അഗ്നിക്കിരയാക്കി, സന്തോഷത്തോടെയും പ്രതീക്ഷകളോടെയും പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമാണ് പാപ്പാഞ്ഞി കത്തിക്കൽ. ഇതുവരെ ഒരിടത്ത് മാത്രമായിരുന്നു പാപ്പാഞ്ഞി ഉണ്ടായിരുന്നത് എങ്കിൽ ഇത്തവണ രണ്ടിടത്തായാണ് ഭീമൻ പാപ്പാഞ്ഞികൾ ഒരുങ്ങുന്നത്.
ഗാല ഡീ ഫോർട്ട്കൊച്ചി ഒരുക്കിയ ഭീമൻ പാപ്പാഞ്ഞിയുടെ നിർമാണം പൂർത്തിയായി. ഇവിടേക്ക് പുതുവത്സരാഘോഷത്തിന് എത്തുന്ന ആളുകൾക്ക് വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു. പരേഡ് ഗ്രൗണ്ടിലാണ് മറ്റൊരു പാപ്പാഞ്ഞി ഒരുങ്ങുന്നത് ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് 55 അടിയോളം ഉയരമുണ്ട്. പരേഡ് ഗ്രൗണ്ടില്‍ 50 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയെ ആണ് നിര്‍മ്മിക്കുന്നത്. ഡിജെ മ്യൂസിക്കൽ നൈറ്റ് ഉൾപ്പെടെയുള്ള പരിപാടികളും ഇവിടെ ഒരുങ്ങുന്നുണ്ട്.
ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും എന്നാൽ അമിത നിയന്ത്രണം ഉണ്ടാവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബോംബ് സ്ക്വാഡ് അടക്കമുള്ള പരിശോധനകൾ ഇന്ന് മുതൽ ആരംഭിക്കും. കഴിഞ്ഞതവണയെക്കാൾ കൂടുതൽ ആളുകളെ ഫോർട്ട് കൊച്ചിയിൽ പ്രതീക്ഷിക്കുന്നതായും വെളിച്ചവും മെഡിക്കൽ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോർട്ട് കൊച്ചിയിൽ രണ്ട് സ്ഥലങ്ങളിലായിട്ടാണ് ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കുക. എറണാകുളം നഗരത്തിൽ മറ്റു സ്ഥലങ്ങളിലും സമാനമായ നിലയിൽ പാപ്പാഞ്ഞി കത്തിക്കൽ ഉണ്ട്. തൃപ്പൂണിത്തുറ, തൃക്കാക്കര, കാക്കനാട്, പള്ളുരുത്തി, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങളിലും സമാനമായ നിലയിൽ ന്യൂ ഇയർ ആഘോഷം നടക്കും. ഇവിടെയെല്ലാം അതാത് ഡിവിഷനുകളുടെ നേതൃത്വത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കമ്മീഷണർ അറിയിച്ചു. ലഹരിയുമായി ബന്ധപ്പെട്ട പരിശോധനകളും കർശനമാക്കും.
ഗോവ ദുരന്തത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
വിദേശ വിനോദ സഞ്ചാരികള്‍ക്കായും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഇക്കുറി പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് ചുറ്റും ബാരിക്കേറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിരവധി സിസിടിവി ക്യാമറകള്‍, ആംബുലന്‍ സൗകര്യം, അഗ്‌നിരക്ഷാസേന ഉള്‍പ്പെടെ എല്ലാ എമര്‍ജന്‍സി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയിലെ വെളി മൈതാനത്തെ കൂറ്റന്‍ മഴ മരത്തില്‍ ഒരുക്കിയ ക്രിസ്മസ് അലങ്കാരങ്ങള്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അതേസമയം വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കും ഇവിടെ അനുഭവപ്പെടുന്നുണ്ട്. പാര്‍ക്കിങ് പരിമിതമായതിനാല്‍ സ്വന്തം വാഹനം എടുക്കാതെ യൂബറിനോ മറ്റോ വരുന്നതായിരിക്കും ഏറ്റവും നല്ലത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR