തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി കാരണം അമിത ആത്മവിശ്വാസമെന്ന് സി പി എം വിലയിരുത്തൽ
Thiruvananthapuram, 29 ഡിസംബര്‍ (H.S.) തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പ്രധാന കാരണം മുന്നണിക്കുണ്ടായിരുന്ന അമിതമായ ആത്മവിശ്വാസമായിരുന്നുവെന്ന് സിപിഎം വിലയിരുത്തൽ. സർക്കാർ നേട്ടങ്ങളും ഭരണമികവും മാത്രം മുൻനിർത്തി അനായാസം ജയിക്കാമെന്
M V Govindan


Thiruvananthapuram, 29 ഡിസംബര്‍ (H.S.)

തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പ്രധാന കാരണം മുന്നണിക്കുണ്ടായിരുന്ന അമിതമായ ആത്മവിശ്വാസമായിരുന്നുവെന്ന് സിപിഎം വിലയിരുത്തൽ. സർക്കാർ നേട്ടങ്ങളും ഭരണമികവും മാത്രം മുൻനിർത്തി അനായാസം ജയിക്കാമെന്ന കണക്കുകൂട്ടൽ പിഴച്ചുവെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെയും കമ്മിറ്റിയുടെയും നിഗമനം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും എംവി ഗോവിന്ദൻ അറിയിച്ചു. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ടുപോകുമെന്നും വോട്ടിങ് കണക്ക് നോക്കിയാൽ 60 നിയമസഭ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ ഇത് തിരിച്ചുപിടിക്കാം. സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. അതിനാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും.

അമിത ആത്മവിശ്വാസം വിനയായി

സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളും ഒക്ടോബർ 29ലെ മന്ത്രിസഭ തീരുമാനങ്ങളും ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിരുന്നു. എന്നാൽ ഇതിൻ്റെ ബലത്തിൽ മാത്രം വിജയിച്ചുകയറാം എന്ന എൽഡിഎഫിൻ്റെ അമിത ആത്മവിശ്വാസം വിനയായി. ഈ ആത്മവിശ്വാസം കാരണം പ്രാദേശിക വിഷയങ്ങളെയും പ്രതിപക്ഷത്തിൻ്റെ നീക്കങ്ങളെയും വേണ്ടത്ര ഗൗരവത്തോടെ കാണുന്നതിൽ വീഴ്ച പറ്റിയെന്നും നേതൃത്വം സമ്മതിക്കുന്നു. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് നഗരമേഖലകളിൽ ഉണ്ടായ സംഘടനാപരമായ ദൗർബല്യങ്ങൾ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങളിൽ ഉണ്ടായ ചില വീഴ്ചകളും അതത് മേഖലകളിലെ വിജയത്തിന് തടസ്സമായി നിന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയത്തിൽ സി പി എം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്. മേയറായിരുന്ന ആര്യ രാജേന്ദ്രന്‍റെ അഹങ്കാരം, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന ആഗോള അയ്യപ്പ സംഗമത്തിൽ വായിച്ചത്, വെള്ളാപ്പള്ളിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര, ശബരിമല സ്വർണക്കൊള്ള, ജില്ലയിലെ വിഭാഗിയത തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ അതിരൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം ഉയർത്തിയത്.

മേയറുടെ അഹങ്കാരവും കടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ഭൂരിഭാഗം നേതാക്കളും കഴിഞ്ഞ ദിവസം കൂടിയ ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു. മുൻ മേയർ വി കെ പ്രശാന്ത്, ആര്യക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ജില്ലയിലെ കടുത്ത വിഭാഗീയതയും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം പാളിയെന്ന വിമർശനവും സി പി എം ജില്ലാ കമ്മിറ്റിയിൽ ഉയർന്നിരുന്നു. നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിലും വലിയ പാളിച്ചയാണ് ഇക്കുറി സംഭവിച്ചത്. സ്ഥാനാർഥിനിർണയം വൈകി. പലയിടത്തും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ ഉണ്ടായി. ബി ജെ പിയും കോൺഗ്രസും സ്റ്റാർ സ്ഥാനാർഥികളെ കണ്ടെത്തിയപ്പോൾ എൽ ഡി എഫിന് തലയെടുപ്പുള്ള അത്തരം സ്ഥാനാർഥിയെ കണ്ടെത്താനായില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News