Enter your Email Address to subscribe to our newsletters

KOCHI, 29 ഡിസംബര്‍ (H.S.)
സിപിഎം മുന്‍ എംഎല്‍എയും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമക്കേസ് നല്‍കിയ അതിജീവിതതയെ സമ്മര്‍ദ്ദത്തിലാക്കുന്ന ഇടനിലക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പോലീസും വനിത കമ്മീഷനും. 75കാരനായ കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് സംവിധായിക കൂടിയായ പരാതിക്കാരി വെളിപ്പെടുത്തി.
പ്രതിയെ രക്ഷിക്കാന്‍ സ്വാധീനമുള്ള മധ്യസ്ഥര്‍ രംഗത്തിറങ്ങിയതിനെ ചോദ്യം ചെയ്യാന്‍ ഇടതുപക്ഷത്തെ വനിത സംഘടനകളോ, സ്ത്രീപക്ഷവാദികളോ, വനിത കൂട്ടായ്മകളോ പ്രതികരിക്കാതെ ഒളിച്ചിരിക്കയാണ്. പ്രതി സിപിഎമ്മുകാരനോ അനുഭാവിയോ ആയാല്‍ അടിമകളായ പ്രതികരണ സംഘങ്ങള്‍ നീണ്ട മൗനത്തിലാവും. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിനെതിരെ 'അവള്‍ക്കൊപ്പം' എന്ന പേരില്‍ തിരുവനന്തപുരത്ത് വനിത കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ദിലീപിനെതിരെ കര്‍ശന നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഈ വിഷയത്തില്‍ മിണ്ടിയിട്ടില്ല. സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ സംസാരിക്കാന്‍ ആസ്ഥാന സാംസ്‌കാരിക നായകപട്ടം കിട്ടിയവര്‍ ഒരിക്കലും തയ്യാറാവില്ല. പിടി കുഞ്ഞുമുഹമ്മദിന്റെ ലൈംഗികാതിക്രമ കേസില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ പരസ്യ നിലപാടുമായി രംഗത്ത് വന്നത് വിമന്‍ ഇന്‍ സിനിമ കളക്ടീവും (WCC) നടി മാല പാര്‍വതിയും മാത്രമാണ്.
സിപിഎമ്മിന്റേയും മറ്റ് ഇടത് പാര്‍ട്ടികളുടേയും വനിത സംഘടനകള്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായതു കൊണ്ട് അവര്‍ക്ക് പ്രതികരിക്കാന്‍ അവകാശമില്ല. എന്നാല്‍ പ്രതിപക്ഷ വനിത സംഘടനകളള്‍ക്ക് ഇതൊന്നും പ്രതികരണ വിഷയമായി തോന്നാറുമില്ല. കോണ്‍ഗ്രസിന്റെ വനിത സംഘടനയായ മഹിള കോണ്‍ഗ്രസ് ചട്ടപ്പടി പ്രതികരണം നടത്തി കളം വിട്ടതല്ലാതെ അതിജീവിതയക്ക് ഒപ്പം നിന്ന് നീതിക്കായി പോരാടാന്‍ താല്‍പര്യം കാണിച്ചതുമില്ല. പ്രതിപക്ഷ യുവജന സംഘടനകളും മിണ്ടാതെ മാറി നില്‍ക്കുകയാണ്.
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിന് എത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി എട്ടാം ദിവസമാണ് പോലീസിന് കൈമാറിയത്. പരാതി കിട്ടിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ ചുറ്റിക്കളിച്ചു. ഇതുമൂലം പ്രതിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാനിടയായി. ഒരു ഘട്ടത്തില്‍ പോലും സര്‍ക്കാരോ പോലീസോ ഇരയ്‌ക്കൊപ്പമാണെന്ന പ്രതീതി സൃഷ്ടിച്ചില്ല. കേസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S