Enter your Email Address to subscribe to our newsletters

Ernakulam, 29 ഡിസംബര്‍ (H.S.)
സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.
രാവിലെ പതിനൊന്ന് മണിയോടെയാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ ഹാജരായത്. സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ (സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി.
മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോര്‍ട്ട്.ഉയർന്ന ലാഭവിഹിതം മോഹിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചില്ല. പണം നഷ്ടപ്പെട്ടതോടെ നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇ ഡി ഇന്ന് എടുത്തിരുന്നു. ഇതു രണ്ടാം തവണയാണ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതെന്നാണ് ലഭിച്ച വിവരം.
ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമായ സേവ് ബോക്‌സ് ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.
സിനിമാ താരങ്ങളുമായി അടുപ്പംപുലര്‍ത്തിയിരുന്ന സ്വാതിഖ് റഹീം ഈ ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് അന്ന് വിവരം ലഭിച്ചിരുന്നു. സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചാണ് സ്വാതിഖ് സേവ് ബോക്സിന്റെ ലോഞ്ചിങ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഈ ചടങ്ങില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് പഴയ ഐ-ഫോണുകള്‍ പുതിയ പെട്ടിയിലാക്കി സമ്മാനമായി നല്‍കി കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR