വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവും : വി ശിവൻകുട്ടി
Thiruvananthapuram, 29 ഡിസംബര്‍ (H.S.) വട്ടിയൂർക്കാവ് എം.എൽ.എ ശ്രീ. വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമാണ്. കഴിഞ്ഞ ഏഴ് വർഷമായി ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ഓഫീസ്, നഗരസഭ കൗൺസിൽ നിശ്ചയി
V Shivankutti


Thiruvananthapuram, 29 ഡിസംബര്‍ (H.S.)

വട്ടിയൂർക്കാവ് എം.എൽ.എ

ശ്രീ. വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമാണ്.

കഴിഞ്ഞ ഏഴ് വർഷമായി ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ഓഫീസ്, നഗരസഭ കൗൺസിൽ നിശ്ചയിച്ച വാടക കൃത്യമായി നൽകിയാണ് പ്രവർത്തിക്കുന്നത്.

2026 മാർച്ച് 31 വരെ ഇവിടെ തുടരാൻ കൗൺസിൽ അനുമതി നൽകിയിട്ടുള്ളതാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കാലാവധി തീരുംമുമ്പ് എം.എൽ.എ.യെ കുടിയിറക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്.

ജനസേവനത്തിന്റെ ഭാഗമായാണ് എം.എൽ.എ. ഓഫീസ് പ്രവർത്തിക്കുന്നത്.

മണ്ഡലത്തിന്റെ മധ്യഭാഗത്തുള്ള ശാസ്തമംഗലത്ത്, സാധാരണക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരിടത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. എം.എൽ.എ. ഹോസ്റ്റലിൽ ഓഫീസ് പ്രവർത്തിപ്പിക്കണം എന്ന വാദം വിചിത്രമാണ്. കർശനമായ സുരക്ഷാ സംവിധാനങ്ങളുള്ള, മുൻകൂട്ടി അനുവാദം വാങ്ങി മാത്രം പ്രവേശിക്കാൻ കഴിയുന്ന എം.എൽ.എ. ഹോസ്റ്റലിലേക്ക് വൃദ്ധരും പ്രത്യേക പരിഗണന അർഹിക്കുന്നവരും അടക്കമുള്ള സാധാരണ ജനങ്ങൾ എങ്ങനെയാണ് നിത്യേന എത്തുക?

പടികൾ കയറി ചെല്ലേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വേറെയും.

ദിവസേന നൂറുകണക്കിന് ആളുകളെ കാണുകയും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒരു ജനപ്രതിനിധിയെ അതിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയാണിത്.

ഇക്കാര്യത്തിൽ കോൺഗ്രസ് നേതാവ്

ശ്രീ. കെ.എസ്. ശബരിനാഥന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്.

അരുവിക്കരയിൽ എം.എൽ.എ. ആയിരുന്നപ്പോൾ ശബരിനാഥന് മണ്ഡലത്തിൽ ഓഫീസ് ഉണ്ടായിരുന്നില്ലേ? ഒരു ജനപ്രതിനിധിയെ വാടകക്കെട്ടിടത്തിൽ നിന്ന് ഇറക്കിവിടാാൻ ആവേശം കൊള്ളുന്ന ശബരിനാഥൻ ആർക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നത് എന്ന് വ്യക്തമാക്കണം. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്‌ - ബിജെപി ബാന്ധവം ഇതിലൂടെ മറനീക്കി പുറത്തുവരികയാണ്.

ബി.ജെ.പി കൗൺസിലർക്ക് വേണ്ടി കോൺഗ്രസ് നേതാവ് വക്കാലത്തുമായി വരുന്നത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.

എം.എൽ.എ.മാർക്ക് വാടകയിനത്തിൽ വലിയ തുക ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. രേഖകൾ പരിശോധിച്ചാൽ ഒരു എം.എൽ.എ.യുടെ മൊത്തം അലവൻസ്

പരമാവധി എഴുപതിനായിരം രൂപ മാത്രമാണ്. ഇതിൽ മണ്ഡലം അലവൻസായി ലഭിക്കുന്നത് ഇരുപത്തി അയ്യായിരം രൂപയും, ടെലിഫോൺ അലവൻസ് പതിനൊന്നായിരം രൂപയുമാണ്. മറ്റ് അലവൻസുകൾ എട്ടായിരം, ഇൻഫർമേഷൻ അലവൻസ് നാലായിരം ഫിക്സഡ് അലവൻസ് രണ്ടായിരം എന്നിങ്ങനെയാണ്. ട്രാവൽ അലവൻസ് പരമാവധി ഇരുപതിനായിരം രൂപയാണ് ഒരു മാസം ലഭ്യമാകുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നത് കേരളത്തിലെ എം.എൽ.എ.മാർക്കാണ്.

ഈ തുച്ഛമായ തുകയിൽ നിന്നാണ് ഓഫീസ് നടത്തിപ്പും മറ്റ് ചെലവുകളും കണ്ടെത്തേണ്ടത്. വസ്തുതകൾ ഇതായിരിക്കെ, തെറ്റായ കണക്കുകൾ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം വിലപ്പോവില്ല. ജനങ്ങളോടൊപ്പമാണ് വി.കെ. പ്രശാന്ത് നിൽക്കുന്നത്. അദ്ദേഹത്തെ തടയിടാൻ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന സംയുക്ത നീക്കത്തെ ജനങ്ങൾ തിരിച്ചറിയും.

*കർണാടകയിലെ ബുൾഡോസർ രാജും

എ.എ റഹീം എം.പിക്കെതിരായ സൈബർ ആക്രമണവും*

കർണാടകയിൽ മുന്നൂറോളം കുടുംബങ്ങളെ തെരുവിലിറക്കിയ ബുൾഡോസർ രാജിനെതിരെ സി.പി.ഐ എം നടത്തിയ ഇടപെടലുകളെപ്പറ്റിയും

അതിൽ സഖാവ് എ.എ റഹീമിനെതിരെ ഉയർന്നുവന്ന സൈബർ ആക്രമണത്തെ പറ്റിയും ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ട്.

ആയിരങ്ങളെ കുടിയൊഴിപ്പിച്ച

ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിക്കാനാണ് എ.എ റഹീം കർണാടകയിൽ പോയത്.

അവിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഇംഗ്ലീഷ് വ്യാകരണത്തെപ്പറ്റി വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടത്, ജനപ്രതിനിധിയുടെ കാര്യശേഷി തെളിയിക്കുന്നത് വാക്കുകളിലെ അലങ്കാരത്തിലല്ല, മറിച്ച് പ്രവൃത്തിയിലാണ് എന്നാണ്.

ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം നിർണ്ണയിക്കുന്ന സുപ്രധാന ബില്ലുകൾ പാർലമെന്റിൽ വരുമ്പോൾ വോട്ട് ചെയ്യാതെ മുങ്ങിനടക്കുന്ന പട്ടായയിൽ സുഖവാസത്തിന് പോകുന്ന രാഷ്ട്രീയപ്രവർത്തനമല്ല റഹീം നടത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മൗനത്തിലും നിസ്സംഗതയിലുമായിരുന്ന കർണാടക ഭരണകൂടം ഇപ്പോൾ ഉണർന്നിരിക്കുകയാണ്.

അതിനു കാരണം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ശക്തമായ ഇടപെടലും,

എ.എ റഹീം അടങ്ങുന്ന സംഘം അവിടെ നേരിട്ടെത്തി നടത്തിയ പ്രതിഷേധവുമാണ്. അയൽ സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി

വിരൽ ചൂണ്ടിയാൽ, ഒന്ന് ശബ്ദമുയർത്തിയാൽ ഏത് അനങ്ങാപ്പാറയും അനങ്ങുമെന്നതിന്റെ തെളിവാണ് ഇന്ന് ബംഗ്ലൂരുവിൽ കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗം.

ഇവിടെ കോൺഗ്രസിന്റെയും ലീഗിന്റെയും കാപട്യം തിരിച്ചറിയണം.

മുന്നൂറ് വീടുകൾ തകർത്ത് കൊടും തണുപ്പിൽ മനുഷ്യരെ തെരുവിലെറിഞ്ഞിട്ട് തിരിഞ്ഞുനോക്കാതിരുന്നവരാണ് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ.

പിണറായി വിജയൻ വീടുണ്ടാക്കി കൊടുക്കട്ടെ എന്ന് പരിഹസിച്ച മന്ത്രിയ്ക്ക് ഒടുവിൽ ഇന്നലെ സൂര്യാസ്തമയത്തിന് മുൻപേ കോളനികളിലേക്ക് ഓടിയെത്തേണ്ടി വന്നു.

മുസ്ലിം ലീഗിന്റെ അവസ്ഥ അതിലും ദയനീയമാണ്.

കർണാടകയിലെ സ്വന്തം ഘടകത്തെ തഴഞ്ഞ്, കോഴിക്കോട് നിന്നും കുറച്ച് ഫാൻസ് അസോസിയേഷൻകാരെ ബംഗ്ലൂരുവിലേക്ക് അയക്കുകയാണ് അവർ ചെയ്തത്. പാർലമെന്റിൽ മുത്തലാഖ് ബിൽ ചർച്ച ചെയ്യുമ്പോൾ കല്യാണം കൂടാൻ പോയ എം.പിമാരുള്ള പാർട്ടിക്ക്, അവിടെയൊരു എം.പിയെ അയക്കാൻ തോന്നിയില്ല. മാത്രമല്ല, കർണാടകയിലേത് മയമുള്ള ബുൾഡോസർ ആണെന്ന് രാവിലെ പറഞ്ഞ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വൈകുന്നേരമായപ്പോഴേക്കും അത് തിരുത്തിപ്പറയേണ്ടി വന്നതും,

ഒൻപത് ദിവസം മൗനവ്രതത്തിലിരുന്ന സാദിഖലി തങ്ങൾക്ക് ഒടുവിൽ വാ തുറക്കേണ്ടി വന്നതും ഈ ഇടപെടലുകളുടെ ഫലമായാണ്.

മണ്ണടിഞ്ഞു പോകുമായിരുന്ന രണ്ടായിരത്തോളം മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News