ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍; തിരുവനന്തപുരത്ത് രണ്ട് പരിപാടികള്‍
THIRUVANATHAPURAM, 29 ഡിസംബര്‍ (H.S.) ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രി ഏഴിന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്ര
Vice President CP Radhakrishnan


THIRUVANATHAPURAM, 29 ഡിസംബര്‍ (H.S.)

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രി ഏഴിന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയാകും.

തുടര്‍ന്ന് ലോക്ഭവനില്‍ താമസിക്കുന്ന ഉപരാഷ്ട്രപതി 30-ന് രാവിലെ 10-ന് വര്‍ക്കല ശിവഗിരിയില്‍ 93-ാമത് ശിവഗിരി തീര്‍ഥാടനസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരിച്ച് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തി 12.05-ന് മാര്‍ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഉപരാഷ്ട്രപതി തിരികെ പോകും.

93-ാമത് ശിവഗിരി മഹാതീര്‍ഥാടനത്തിന് നാളെ തുടക്കമാകും. രാവിലെ 7.30-ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തും. രാവിലെ 9.30-ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി 14 സമ്മേളനങ്ങള്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി നടക്കും.

തീര്‍ഥാടകരെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടനത്തിന്റെ ഔദ്യോഗിക പദയാത്രകള്‍ തിങ്കളാഴ്ച വൈകീട്ട് ശിവഗിരിയില്‍ സംഗമിക്കും. മറ്റു പദയാത്രകള്‍ ശിവഗിരിയിലേക്ക് എത്തിത്തുടങ്ങി. വിവിധ പദയാത്രകളിലായി ആയിരങ്ങള്‍ ശിവഗിരിയിലെത്തിച്ചേരും.

തീര്‍ഥാടനകാലം ആരംഭിച്ച 15മുതല്‍ ശിവഗിരിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും പ്രാര്‍ഥനയ്ക്കു തിരക്കേറി. സ്ഥിരം തീര്‍ഥാടനപ്പന്തലില്‍ 10000 പേര്‍ക്ക് ഒരേസമയം സമ്മേളനങ്ങള്‍ വീക്ഷിക്കാവുന്ന രീതിയിലാണ് പ്രധാന വേദി സജ്ജീകരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ശിവഗിരി മഠം ബുക്ക് സ്റ്റാളിനു പിന്നില്‍ വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ശിവഗിരിയും പരിസരവും വീഥികളും ശിവഗിരി സ്ഥാപനങ്ങളും വൈദ്യുതദീപങ്ങളാല്‍ അലങ്കരിച്ചു.

കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം, വാണിജ്യമേള, വിവിധ സ്റ്റാളുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലും തീര്‍ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ശിവഗിരിയിലേക്കുള്ള വീഥികളിലെല്ലാം തീര്‍ഥാടകര്‍ക്ക് സ്വാഗതമോതി കമാനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാന ജങ്ഷനുകള്‍ കൊടിതോരണങ്ങളാല്‍ അലങ്കരിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ടൂറിസ്റ്റ് ബസുകളിലും മറ്റു വാഹനങ്ങളിലുമായി തീര്‍ഥാടകര്‍ എത്തുന്നുണ്ട്.

രാത്രി പ്രധാന വേദിയില്‍ നടന്നുവരുന്ന കലാപരിപാടികള്‍ വീക്ഷിക്കാനും നല്ല തിരക്കാണ്. ഉപരാഷ്ട്രപതി എത്തുന്നതിനാല്‍ വലിയ സുരക്ഷയാണ് തീര്‍ഥാടനത്തിന് ഒരുക്കുന്നത്. പാപനാശം ഹെലിപ്പാടിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. ട്രയല്‍ റണ്‍ ഞായറാഴ്ച നടന്നു. തിങ്കളാഴ്ചയും നടക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗവും വിലയിരുത്തലും നടന്നുവരുന്നു. ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും.

നാളെ നടക്കുന്ന മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപനത്തിലും ഉപരാഷ്ട്രപതി പങ്കെടുക്കും. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 30-ന് സമാപിക്കും. കോളേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. 11.30-ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ശശി തരൂര്‍ എംപി, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, മേയര്‍ വി.വി.രാജേഷ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. കെ.ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. മീരാ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.

---------------

Hindusthan Samachar / Sreejith S


Latest News