Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 ഡിസംബര്‍ (H.S.)
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 40 ഓളം സ്ഥാപനങ്ങള്‍ ഗവേഷണവുമായി സഹകരിക്കാന്‍ ധാരണയായി. സംസ്ഥാനത്തെ എല്ലാ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപനങ്ങളും അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നുണ്ട്. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സിസിആര്‍എഎസുമായി ധാരണപത്രം ഒപ്പിടും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബയോ 360 സയന്‍സ് പാര്‍ക്കും സഹകരിക്കാന്‍ ധാരണയായി. കാന്‍സര്‍ ഗവേഷണ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്ററുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീ-ലോഞ്ച് ദേശീയ ഗവേഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്. ലോക ശ്രദ്ധയുള്ള ആയുര്‍വേദ രംഗത്ത് ഗവേഷണം അനിവാര്യമാണ്. അതിനാലാണ് ഗവേഷണത്തിന് വളരെ പ്രാധാന്യം നല്‍കി കിഫ്ബി വഴി വലിയ തുക ചെലവഴിച്ച് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നത്. ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം കോവിഡ് കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 2021-22ല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇപ്പോള്‍ വലിയ രീതിയില്‍ മുന്നോട്ട് പോകാനായി. ജനുവരി അവസാനം അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കും.
ഭാവിയിലെ ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. കേരളം ആയുര്‍വേദ വൈല്‍നസ് ടൂറിസത്തിന്റെ കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്. ആയുര്‍വേദ രംഗത്ത് തെളിവധിഷ്ഠിതമായി ഡോക്യുമെന്റേഷന്‍ നടത്തുന്നതിനാണ് പരിശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
ആരോഗ്യ രംഗത്ത് വയോജന പരിപാലനം, കാന്‍സര്‍ കെയര്‍, പാലിയേറ്റീവ് കെയര്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കാന്‍സര്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം ക്യാമ്പയിന്‍ നടത്തി. 22 ലക്ഷത്തിലധികം പേര്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ കൊണ്ടുവരും.
ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ രംഗത്ത് വിവിധ സ്ഥാപനങ്ങള്‍ കൊണ്ടുവരാനായി. അതില്‍ പ്രധാനമാണ് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം. കേരള സിഡിസിയും, വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചും സ്ഥാപിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച ഐഎവി വലിയൊരു മാതൃകയാണ്. മോഡേണ്‍ മെഡിസിനെ പോലെ ആയുര്‍വേദത്തെ നോക്കിക്കാണാന്‍ കഴിയുന്ന ഒന്നാക്കാന്‍ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.
മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍, സിസിആര്‍എഎസ് ഡയറക്ടര്‍ ജനറല്‍ ഡോ. രബിനാരായണ ആചാര്യ, ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെ.എസ്. പ്രീയ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി ശ്രീകുമാര്‍, ഡോ. രാജ് മോഹന്‍, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സജി പിആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR