Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 ഡിസംബര്‍ (H.S.)
ഇന്ത്യ-ശ്രീലങ്ക വനിതാ ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം നാളെ ( ചൊവ്വാഴ്ച) കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും. എല്ലാ മത്സരങ്ങളും ജയിച്ച്
പരമ്പര തൂത്തു വാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ ഇറങ്ങുക. നിലവിൽ നാല് മത്സരങ്ങളും വിജയിച്ച് 4-0ന് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കയ്ക്ക് നാളത്തെ മത്സരം ആശ്വാസജയത്തിനായുള്ള അഭിമാന പോരാട്ടമാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ പുലർത്തുന്നത്. ഓപ്പണർ ഷഫാലി വർമ്മയുടെ മിന്നും ഫോമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ല്. പരമ്പരയിൽ ഇതിനകം തുടർച്ചയായി മൂന്ന് അർധ സെഞ്ച്വറികൾ നേടിയ താരം നാളെയും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർ താരം സ്മൃതി മന്ദന ഫോമിലേക്ക് തിരിച്ചെത്തിയതും മധ്യനിരയിൽ വെടിക്കെട്ട് ബാറ്റർ റിച്ച ഘോഷിന്റെ സാന്നിധ്യവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ സ്കോർ മറികടക്കാൻ ലങ്കൻ വനിതകൾക്ക് സാധിച്ചിരുന്നില്ല.
ഇന്ത്യയുടെ ദീപ്തി ശർമ, രേണുക താക്കൂർ, അരുന്ധതി റെഡ്ഢി എന്നിവരടങ്ങിയ ബൗളിംഗ് നിരയെ അതിജീവിക്കുക എന്നത് ലങ്കയ്ക്ക് കടുത്ത വെല്ലുവിളിയാകും. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിന്റെ പോരാട്ടവീര്യം മാത്രമാണ് നിലവിൽ ലങ്കൻ നിരയ്ക്ക് ആശ്വസിക്കാനുള്ള വക നൽകുന്നത്. കാര്യവട്ടത്ത് നടക്കുന്ന മൂന്നാമത്തെ മത്സരം കൂടിയാണിത്. വിജയക്കൊടി പാറിക്കാൻ ഇന്ത്യയും ആശ്വാസജയത്തിന് ലങ്കയും ഇറങ്ങുമ്പോൾ ഗ്രീൻഫീൽഡ് സ്റ്റേഡിയം ആവേശകരമായ ഒരു പോരാട്ടത്തിനാകും നാളെ സാക്ഷ്യം വഹിക്കുക.
നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാളെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്ന് മത്സരങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ നിറവിൽ ലോകചാംപ്യന്മാരായ ഇന്ത്യൻ ടീം തലസ്ഥാനത്തെത്തുന്നു എന്നത് കായിക പ്രേമികൾക്ക് ഇരട്ടി മധുരമാകും. വിശാഖപട്ടണത്തെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ഡിസംബർ 24ന് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹർമൻപ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത് എന്ന പ്രത്യേകതയുമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR