Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഡിസംബര്‍ (H.S.)
കര്‍ണ്ണാടകയിലെ ചേരി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ തന്റെ ഇംഗ്ലീഷ് പ്രയോഗങ്ങളെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി രാജ്യസഭാംഗവും ഡിഫിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം. തന്നെ പരിഹസിക്കുന്നവരോട് തനിക്ക് വെറുപ്പില്ലെന്നും, തന്റെ ഭാഷാപരമായ പരിമിതികള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
ബെംഗളൂരു യെലഹങ്കയിലെ ഫക്കീര്‍ കോളനിയില്‍ വീടുകള്‍ ഇടിച്ചുനിരത്തപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കാനാണ് എഎ റഹീമിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം എത്തിയത്. അവിടെവെച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയുണ്ടായ ചില ഇംഗ്ലീഷ് പദപ്രയോഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ക്ക് കാരണമായത്. ഇതിനെതിരെയാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
'എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരേയൊരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ ഇരകളായ, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ മനുഷ്യരുടെ ശബ്ദം ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമേയുള്ളൂ. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ല. ഭാഷ തീര്‍ച്ചയായും ഇനിയും മെച്ചപ്പെടുത്തും. എന്നാല്‍ ഒരു തെറ്റുമില്ലാതെ പല ഭാഷകള്‍ കൈകാര്യം ചെയ്യുന്ന എത്രപേരെ ആ ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത സാധുക്കളുടെ അരികില്‍ കണ്ടു?' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ച്.
'എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ സര്‍ക്കാര്‍ അയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും ആ ഇന്ത്യക്കാരുടെ കണ്ണീരും നിങ്ങള്‍ കാണാതെ പോകരുത്. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ട്രോളുകള്‍ക്ക് പിന്നില്‍ ഒളിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകുമെന്നും ഒറ്റപ്പെട്ടുപോകുന്നവരെ ചേര്‍ത്തുപിടിക്കുമെന്നും' അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. തന്റെ സന്ദര്‍ശനത്തിന് പിന്നാലെ ബെംഗളൂരുവിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു യലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍ വിവാദമായതോടെ പ്രശ്നപരിഹാരത്തിന് തിരക്കിട്ട ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കാന്‍ തീരുമാനം. ബൈപ്പന ഹള്ളിയില്‍ 180 ഫ്ലാറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ഒരുവശത്ത്. ബി.ജെ.പി സര്‍ക്കാരുകളെ ബുള്‍ഡോസര്‍ രാജുകളെ എങ്ങനെ വിമര്‍ശിക്കുമെന്നതു മറ്റൊരു പ്രശ്നം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു മുന്നില്‍ പുതിയ പ്രതിസന്ധിയാണ് യലഹങ്കയിലെ ഫക്കീര്‍ കോളനി പൊളിക്കലുണ്ടാക്കിയത്. ഇതോടെയാണ് ഇടന്‍ പരിഹാരം വേണമെന്ന നിര്‍ദേശം ഡല്‍ഹിയില്‍ നിന്നുണ്ടായത്. രേഖകളുള്ളരെ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഉള്‍പെടുത്താണ് തീരുമാനം.
ഇതിന്റെ ഭാഗമായിട്ടാണ് ഭവനമന്ത്രി സെമീര്‍ അഹമ്മദും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദും സംഭവ സ്ഥലം സന്ദര്‍ശിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കന്‍മാരെത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണന്ന് മന്ത്രി കുറ്റപെടുത്തി.
---------------
Hindusthan Samachar / Sreejith S