ആരവല്ലി കുന്നുകളെ ഇല്ലാതാക്കരുത്; പുതിയ നിർവ്വചനത്തിന് സുപ്രീം കോടതിയുടെ പൂട്ട്
New delhi, 29 ഡിസംബര്‍ (H.S.) ആരവല്ലി മലനിരകളുടെ ശാസ്ത്രീയമായ നിർവ്വചനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നവംബർ 20-ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ആരവല്ലി നിരകളുടെ സംരക്ഷ
Supreme Court HD


New delhi, 29 ഡിസംബര്‍ (H.S.)

ആരവല്ലി മലനിരകളുടെ ശാസ്ത്രീയമായ നിർവ്വചനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നവംബർ 20-ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ആരവല്ലി നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിർവ്വചനത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി കേന്ദ്ര സർക്കാരിന് കത്തയച്ചു.

നവംബർ 20-ലെ ഉത്തരവ് അടുത്ത വാദം കേൾക്കുന്നത് വരെ നടപ്പിലാക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അടുത്ത വർഷം ജനുവരി 21-ന് വീണ്ടും പരിഗണിക്കും.

ആരവല്ലി മലനിരകളുടെ ഉയരം 100 മീറ്ററായി നിശ്ചയിച്ച പുതിയ നിർവ്വചനം ഈ മലനിരകളുടെ 90 ശതമാനത്തോളം നിയമപരമായ സംരക്ഷണത്തിന് പുറത്താക്കുമെന്ന വിമർശനം കോടതി പരിശോധിച്ചു. 100 മീറ്ററിൽ താഴെയുള്ള കുന്നുകൾക്ക് സംരക്ഷണമില്ലാതാകുന്നത് വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പുതിയ നിർവ്വചനം മൂലം ഖനനം അനുവദനീയമായ മേഖലകൾ അമിതമായി വർദ്ധിക്കുമോ എന്ന് പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ പഠനം നടത്താൻ ഉന്നതതല വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ കോടതി ആലോചിക്കുന്നുണ്ട്.

ആരവല്ലി നിരകളിലെ ഖനനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് പൊതുജനങ്ങളുടെയും വിവിധ സ്റ്റേക്ക് ഹോൾഡർമാരുടെയും അഭിപ്രായങ്ങൾ തേടണമെന്ന് കോടതി നിർദ്ദേശിച്ചു.

ആരവല്ലി മലനിരകളുടെ വ്യാപ്തി കുറയ്ക്കുന്ന രീതിയിലുള്ള പുതിയ നിർവ്വചനം ഖനന മാഫിയയെ സഹായിക്കാനാണെന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം നടന്നുവരുന്നത്. ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ മലനിരകൾ വടക്കേ ഇന്ത്യയുടെ ശ്വാസകോശം എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് നൽകിയിരുന്ന നിയമപരമായ പരിരക്ഷ കുറഞ്ഞാൽ താർ മരുഭൂമി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും കുടിവെള്ള സ്രോതസ്സുകൾ നശിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പരിസ്ഥിതി പ്രവർത്തകരും ഈ പുതിയ നിർവ്വചനത്തിനെതിരെ വലിയ പോരാട്ടത്തിലാണ്.

പുതിയ നിര്‍വചനപ്രകാരം ഖനനമേഖല കൂടുമോയെന്ന് അറിയിക്കണമെന്നും വിശദപരിശോധന നടത്തണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതിനായി ഒരു വിദഗ്ധസമിതിയെ രൂപവത്കരിക്കുമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ആരവല്ലി മലനിരകളുടെ മാനദണ്ഡം മാറ്റിയതില്‍ പ്രതിഷേധം ശക്തമായതോടെ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

ഇക്കഴിഞ്ഞ നവംബര്‍ 20-ന്റെ സുപ്രീം കോടതി ഉത്തരവിലാണ് ആരവല്ലി കുന്നുകളെ സംബന്ധിച്ച പുതിയ നിര്‍വചനം അംഗീകരിക്കപ്പെട്ടത്. ഇതുപ്രകാരം, തറനിരപ്പില്‍നിന്ന് നൂറ് മീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്റെ നിര്‍വചനത്തില്‍ വരിക. 500 മീറ്റര്‍ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേര്‍ത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിര്‍വചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ല.

ആരവല്ലി കുന്നിനും മലനിരകള്‍ക്കുമേര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ ഖനനവിലക്ക് കുന്ന് അല്ലാത്തവയ്ക്ക് ബാധകമാക്കേണ്ടതില്ല. അങ്ങനെവരുമ്പോള്‍ ആരവല്ലിയുടെ 90 ശതമാനം ഭാഗവും നിര്‍വചനപരിധിക്ക് പുറത്താകും. അതിനാല്‍, ഖനനമാഫിയക്ക് വലിയ ചൂഷണത്തിന് അവസരമൊരുങ്ങുമെന്ന ആശങ്കയാണ് പരിസ്ഥിതിസ്നേഹികള്‍ക്കുള്ളത്. ഇവരുടെ പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News