Enter your Email Address to subscribe to our newsletters

Chennai, 29 ഡിസംബര്‍ (H.S.)
തമിഴ്നാട്ടില്‍ ചെന്നൈക്ക് സമീപം അതിഥി തൊഴിലാളിയെ ആക്രമിച്ച കേസില്‍ നാല് കൗമാരക്കാരെ അറസ്റ്റു ചെയ്ത് പോലീസ്. അക്രമികള്‍ ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. വീഡിയോയില്‍നിന്ന് തിരിച്ചറിഞ്ഞ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പൊളിഞ്ഞ കെട്ടിടത്തിന്റെ മറവിലാണ് അക്രമികള്‍ അതിഥി തൊഴിലാളിയെ ആക്രമിച്ചത്. വെട്ടുകത്തി പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് ചോരയൊലിച്ച് കിടക്കുന്നയാളുടെ അടുത്ത് അക്രമികള്‍ വിജയഭാവത്തില്‍ നില്‍ക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ നിലവില്‍ തിരുവള്ളൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 17 വയസ്സുള്ള നാല് പ്രതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതില്‍ മൂന്നുപേരെ ചെങ്കല്‍പ്പെട്ട് ജുവനൈല്‍ ഹോമിലേക്കും നാലാമത്തെ പ്രതിയെ പഠനം കണക്കിലെടുത്ത് കോടതി ജാമ്യത്തിലും വിട്ടയച്ചു.
സമാനമായ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചെന്നൈയില്‍നിന്ന് തിരുത്തണിയിലേക്ക് പോകുകയായിരുന്ന സബര്‍ബന്‍ ട്രെയിനില്‍ നാല് ആണ്‍കുട്ടികള്‍ ഒരു അതിഥി തൊഴിലാളിയെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോയില്‍ കാണാനാവുക. പ്രതികളിലൊരാള്‍ ആയുധംവീശി, ഒരു തമിഴ്ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിച്ച് ആക്രമണത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം റീലായി പങ്കുവെക്കുകയായിരുന്നു.
സംഭവങ്ങള്‍ക്ക് പിന്നാലെ, സംസ്ഥാന പോലീസ് പൊതുജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള എംപി കാര്‍ത്തി ചിദംബരം രംഗത്തുവന്നു. തമിഴ്‌നാട്ടില്‍ ഭരണത്തിലുള്ള ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ കാര്‍ത്തി ചിദംബരം ഇതിനുമുമ്പും സംസ്ഥാന പോലീസ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള പ്രധാന ആയുധമായി പ്രതിപക്ഷം ഈ സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ ലഹരിമരുന്ന് വിപണി നിയന്ത്രിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു.
'ഡിഎംകെയുടെ ദ്രാവിഡ മോഡലിന്റെ നേട്ടം. ലഹരിമരുന്ന് കൗമാരക്കാരുടെ കയ്യിലെത്തുമ്പോള്‍ ഇതായിരിക്കും സംഭവിക്കുന്നത്. ഈ കുട്ടികളെ കൗമാരക്കാരായി കണക്കാക്കരുത്; അവരെ മുതിര്‍ന്നവരായി കണക്കാക്കണം. തക്കതായി ശിക്ഷ നല്‍കണം.' എഐഎഡിഎംകെ നേതാവ് കോവൈ സത്യന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇതിനെ 'ഒറ്റപ്പെട്ട സംഭവം' എന്നാണ് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ വിശേഷിപ്പിച്ചത്. 'ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പോലീസ് നടപടി സ്വീകരിച്ചു. തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് സുരക്ഷിതരാണ്.' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S