Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഡിസംബര്‍ (H.S.)
തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ സിപിഎമ്മിന്റെ പ്ലാന്‍ തയാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പദ്ധതികളാണ് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.
അമിത ആത്മവിശ്വാസവും സംഘടനാ ദൗര്‍ബല്യങ്ങളും പ്രാദേശിക വീഴ്ചകളും തിരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഇത് പരിഹരിക്കാന്‍ വലിയ സമരപരിപാടികളും മറ്റും ആസൂത്രണം ചെയ്തിരിക്കുന്നത്. മറ്റത്തൂരിലെ കൂറുമാറ്റം അടക്കം ആയുധമാക്കി കോണ്‍ഗ്രസിനെതിരായും തൊഴിലുറപ്പ് പദ്ധതി ചൂണ്ടിക്കാട്ടി ബിജെപിക്കെതിരായുമുള്ള പ്രചാരണങ്ങളാണ് നടത്തുക.
ജനുവരി 15 മുതല്‍ 22 വരെ കേരളത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി പാര്‍ട്ടിക്കുണ്ടായ പരാജയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവതരിപ്പിച്ച് തുറന്ന സംവാദത്തിന് തയ്യാറാകും. പാര്‍ട്ടി നേതൃത്വം മുതല്‍ താഴെ തലം വരെയുള്ള മുഴുവന്‍ ആളുകളും ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കും. ജനുവരി 22-ന് ശേഷം കുടുംബ യോഗങ്ങള്‍ നടത്തും. ഒരു വാര്‍ഡില്‍ ഒരു യോഗം എന്ന രീതിയിലാകും നടത്തുക. ശേഷം ഓരോ ലോക്കല്‍ കമ്മിറ്റിയും പൊതുയോഗം നടത്തും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തില്‍ പ്രതിഷേധിച്ച് ശക്തിയായ പ്രക്ഷോഭ പരിപാടികളും ഇതോടൊപ്പം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജനുവരി 12-ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സത്യാഗ്രഹ സമരം നടത്തും. എംഎല്‍എമാരും എംപിമാരും എല്‍ഡിഎഫ് നേതാക്കളും ഇതില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരായും കേരളത്തിനെതിരായ അവഗണനയ്ക്കെതിരായിട്ടുമാണ് സമരം. മതനിരപേക്ഷത സംരക്ഷിക്കാനുള്ള രാഷ്ട്രീയം ഉന്നം മുന്നോട്ട് വെച്ച് സംസ്ഥാനത്ത് മൂന്ന് വാഹന പ്രചാരണ ജാഥ നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചതായി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെയാണ് ജാഥ നടത്തുക.
തൊഴിലുറപ്പ് പദ്ധതിക്കെതിരായ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി അഞ്ചാം തീയതി 23000 വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ഈ പരിപാടിയില്‍ രാജ്ഭവനിലേക്കുള്ള മാര്‍ച്ചിന് പ്രഖ്യാപനം നടത്തും. കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാകും ഇത്. ജനുവരി 15-നാണ് ഇത് നടത്തുക. ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലുമാണ് പ്രതിഷേധം നടത്തുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
മതനിരപേക്ഷതയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ശക്തമായ പ്രചാരവേല കേരളത്തില്‍ ഉടനീളം എല്ലാ വീടുകളിലും എത്തിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S