Enter your Email Address to subscribe to our newsletters

New delhi, 29 ഡിസംബര്‍ (H.S.)
തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ നോഡല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ പേര്, പദവി, ബന്ധപ്പെടാനുള്ള നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശേഖരിക്കുകയും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനായി ഇവരുടെ വിവരങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
സ്‌കൂളുകള്‍ക്ക് പുറമേ സ്റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല ഡല്‍ഹിയിലുടനീളം നടക്കുന്ന തെരുവുനായ്ക്കളുടെ കണക്കെടുപ്പിനായി ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. 2025 നവംബര്‍ ഏഴിലെ സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പ്രവര്‍ത്തനത്തിന് വലിയ മുന്‍ഗണനയാണ് നല്‍കിയിരിക്കുന്നത്.
സ്‌കൂളുകളില്‍ നിന്നുള്ള വ്യക്തിഗത പ്രതികരണങ്ങള്‍ സ്വീകരിക്കുന്നതല്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. പകരം, ജില്ല തലത്തിലുള്ള സംയോജിത റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. ഇത് പിന്നീട് ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് അയയ്ക്കും.
അതേസമയം, അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചുക്കൊണ്ട് രംഗത്തെത്തി. മൃഗസംരക്ഷണത്തിന് ഉത്തരവാദിത്വമുള്ള വകുപ്പുകള്‍ക്ക് എന്തുകൊണ്ട് ഈ ചുമതല നല്‍കുന്നില്ലെന്ന് അവര്‍ ചോദിച്ചു. അധ്യാപകര്‍ക്ക് അക്കാദമികമല്ലാത്ത ചുമതലകള്‍ നല്‍കുന്നത് പഠനം തടസ്സപ്പെടുത്തുമെന്നും തൊഴിലിന്റെ അന്തസ്സ് നശിപ്പിക്കുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
ല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങളില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്.ഡല്‍ഹിയിലെ നഗരങ്ങളില്‍ ദിവസവും നൂറുകണക്കിന് തെരുവുനായ ആക്രമണം നടക്കുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും സുപ്രീം കോടതി പറഞ്ഞു. കടിയേല്‍ക്കുന്ന കുട്ടികളും പ്രായമായവരും ഉള്‍പ്പടെ പലരും പേവിഷബാധിതരാകുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S