സേവ് ബോക്‌സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍
Kochi, 29 ഡിസംബര്‍ (H.S.) സേവ് ബോക്‌സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യ, ഭാര്യ സരിത എന്നിവരെ ഇഡി ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അഞ്ച് മണിക്ക് വിട്ടയച്ചു. തൃശൂര്‍ സ്വദേശി സ്വാതിക് റഹീം പ്രതിയായ കേസിലാണ് ചോദ്യം ചെയ്തത
jayasurya


Kochi, 29 ഡിസംബര്‍ (H.S.)

സേവ് ബോക്‌സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യ, ഭാര്യ സരിത എന്നിവരെ ഇഡി ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അഞ്ച് മണിക്ക് വിട്ടയച്ചു. തൃശൂര്‍ സ്വദേശി സ്വാതിക് റഹീം പ്രതിയായ കേസിലാണ് ചോദ്യം ചെയ്തത്. ഉടമ സ്വാതിക്കുമായി നടത്തിയ സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു.

സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ നടന്‍ ജയന്‍സൂര്യ കരാറില്‍ ഒപ്പിട്ടിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് നടനെ വിളിച്ചുവരുത്തുക ആയിരുന്നു. തട്ടിപ്പ് നടത്തിയ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശ്ശൂര്‍ സ്വദേശി സ്വാതിഖ് റഹീമുമായി സാമ്പത്തിക ഇടപാടുകള്‍ നടനും ഭാര്യയും നടത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ലേലത്തിനായി സേവ് ബോക്സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഇങ്ങനെ കോയിനുകള്‍ വാങ്ങിയവര്‍ക്കാണ് പണം പോയത്.

ഇതുകൂടാതെ സേവ് ബോക്‌സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തും സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി. 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഇഡി അന്വേഷണവും നടക്കുന്നത്. ഈ മാസം 24നും ഇഡി ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.

ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സ് ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണെന്നായിരുന്നു 2019ല്‍ ആരംഭിക്കുമ്പോഴുള്ള പ്രചാരണം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഒട്ടേറെ പേരാണ് ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലേലത്തിലൂടെ സ്വന്തമാക്കല്‍, ആമസോണ്‍ മാതൃകയിലുള്ള സേവ് ബോക്സ് എക്‌സ്പ്രസ് എന്ന ഡെലിവറി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി, സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം ശരിയാക്കല്‍, ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ ഏജന്‍സി ആരംഭിക്കല്‍ തുടങ്ങി ഒട്ടേറെ പദ്ധതികളില്‍ നിന്നായി കോടിക്കണക്കിനു രൂപയാണ് സ്വാതിക് ആളുകളില്‍നിന്ന് പിരിച്ചത്. 25,000 രൂപ നിക്ഷേപിച്ചാല്‍ മാസം 5 ലക്ഷം രൂപയുടെ വരുമാനം പോലുള്ള വാഗ്ദാനങ്ങളും ഇയാള്‍ നടത്തിയിരുന്നു. എന്നാല്‍ ലാഭമൊന്നും കിട്ടാതെ വന്നതോടെ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഇതിന്റെ പിന്നാലെ 2023ല്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ കേസാണ് ഇപ്പോള്‍ ഇ.ഡി അന്വേഷിക്കുന്നതും.

ചലച്ചിത്ര മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്വാതിക് ഇതിന്റെ മറവിലും തട്ടിപ്പ് നടത്തിയെന്ന് പരാതിയുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഉപയോഗിച്ചു. രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഒരു ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാവുകയും ചെയ്തു. ഒട്ടേറെ സിനിമ പ്രവര്‍ത്തകര്‍ക്ക് സ്വാതികുമായി ബന്ധമുണ്ടെങ്കിലും ജയസൂര്യ ബ്രാന്‍ഡ് അംബാസിഡറിനെ പോലെ പ്രവര്‍ത്തിച്ചിരുന്നു എന്ന് ഇ.ഡി പരിശോധിക്കുന്നുണ്ട്. സ്വാതികുമായുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 24നും ഇ.ഡി ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News