Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഡിസംബര്‍ (H.S.)
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഒന്നാം റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു. രാവിലെ 11ന് ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധനകാര്യ കമ്മീഷൻ ചെയർപേഴ്സൺ പ്രൊഫസർ കെ. എൻ. ഹരിലാലിൽ നിന്നും റിപ്പോർട്ട് സ്വീകരിച്ചു. ധനകാര്യ കമ്മീഷൻ അംഗവും ധനകാര്യ വകുപ്പ് സെക്രട്ടറിയുമായ കെ. ആർ. ജ്യോതിലാൽ, ധനകമ്മീഷൻ സെക്രട്ടറി പി. അനിൽ പ്രസാദ്, അഡ്വൈസർ പ്രൊഫ. ഹരിക്കുറുപ്പ് കെ. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ തുടർ നടപടികൾക്കായി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും.
2026-27 ധനകാര്യ വർഷത്തേക്കുള്ള ശുപാർശകളാണ് ധനകമ്മീഷന്റെ ആദ്യ റിപ്പോർട്ടിന്റെ ഉള്ളടക്കം. കേന്ദ്ര ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് ലഭ്യമായതിനുശേഷം ശിഷ്ട കാലാവധിയിലേക്കുള്ള (2027-28 മുതൽ 2030-31 വരെ) ശുപാർശകൾ സമർപ്പിക്കും. കേന്ദ്ര ധനകമ്മീഷന്റെ റിപ്പോർട്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാൽ അതുംകൂടി പരിഗണിച്ചു തുടർ ശുപാർശകൾ സമർപ്പിക്കും.
2024 സെപ്റ്റംബറിലാണ് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ നിയമിതമായത്. രണ്ട് വർഷമാണ് കമ്മീഷന്റെ കാലാവധി. സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നും നികുതി വരുമാനത്തിൽ നിന്നും പ്രാദേശിക സർക്കാരുകൾക്ക് കൈമാറേണ്ട വിഹിതം സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കുകയാണ് ധനകമ്മീഷന്റെ പ്രധാന ഉത്തരവാദിത്വം. ഇപ്രകാരം പ്രാദേശിക സർക്കാരുകൾക്കായി വിവിധ ഇനങ്ങളിൽ നീക്കിവെയ്ക്കുന്ന തുക അവയ്ക്കിടയിൽ വീതം വയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച ശുപാർശകൾ നൽകുന്നതും സംസ്ഥാന ധനകമ്മീഷനാണ്.
കമ്മീഷന്റെ ശുപാർശകൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി വളരെ വിപുലമായ പ്രവർത്തനങ്ങളാണ് സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നതിനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും നിർദ്ദേശങ്ങൾ സമാഹരിക്കുന്നതിനും കമ്മീഷൻ നടത്തിയത്. സംസ്ഥാനത്തെ ജില്ലാ ആസൂത്രണ സമിതികൾ, സിറ്റി കോർപ്പറേഷനുകൾ, തെരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രാദേശിക സർക്കാരുകൾ എന്നിവിടങ്ങളിൽ കമ്മീഷൻ സിറ്റിംഗുകൾ നടത്തുകയുണ്ടായി. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ, പ്രാദേശിക ജനപ്രതിനിധികളുടെ അസ്സോസിയേഷനുകൾ, വിവിധ സർക്കാർ വകുപ്പുകൾ, സാമൂഹ്യ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വിഷയമേഖലാ വിദഗ്ധർ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തി. വികേന്ദ്രീകൃത ആസുത്രണം, വിഭവസമാഹരണം, ധനവിന്യാസം തുടങ്ങിയവ സംബന്ധിച്ചുള്ള പഠനങ്ങളും ഇതിന്റെ ഭാഗമായി കമ്മീഷൻ ഏറ്റെടുത്തു.
പ്രാദേശിക ഗവൺമെന്റുകൾക്ക് വിഭവം കൈമാറുന്ന കാര്യത്തിൽ അനുകരണീയമായ ഒരു മാതൃകയാണ് കേരളത്തിലെ ഗവൺമെന്റുകളും മുൻ സംസ്ഥാന ധനകാര്യ കമ്മീഷനുകളും സൃഷ്ടിച്ചിട്ടുള്ളത്. തികച്ചും വസ്തുനിഷ്ടമായ മാനദണ്ഡങ്ങൾ മാത്രം പരിഗണിച്ച് വിഭവകൈമാറ്റം നടത്തുന്ന ആരോഗ്യകരമായ രീതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നിലവിലുള്ള ഈ മാതൃകയെ ശക്തിപ്പെടുത്തുന്ന സമീപനമാണ് ഏഴാം ധനകാര്യ കമ്മീഷൻ സ്വീകരിച്ചിട്ടുള്ളത്. ധനവിന്യാസത്തിലെ നിലവിലുള്ള രീതികൾ തുടരുന്നതോടൊപ്പം സമ്പദ്ഘടനയിൽ വന്നുകൊണ്ടിരിക്കുന്ന പ്രധാന മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ട് വിഭവ വിതരണത്തിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്താനും കമ്മീഷൻ ശ്രദ്ധിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S