ഇടുക്കിയില്‍ പാവങ്ങളുടെ ഭൂപ്രശ്‌നത്തിന്റെ മറവില്‍ കടുംവെട്ട് തുടങ്ങുന്നു; അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ ഉത്തരവിറക്കി
Thiruvanathapuram, 29 ഡിസംബര്‍ (H.S.) സര്‍ക്കാരിന്റെ ഭരണകാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇടുക്കിയിലെ പാവങ്ങളുടെ പേരു പറഞ്ഞ് കടുംവെട്ടിന് കളമൊരുക്കുന്നു. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഭൂപതിവ് നിയമഭേദഗതിയുടെ മറവില്‍ വന്‍കിട കയ
idukki


Thiruvanathapuram, 29 ഡിസംബര്‍ (H.S.)

സര്‍ക്കാരിന്റെ ഭരണകാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇടുക്കിയിലെ പാവങ്ങളുടെ പേരു പറഞ്ഞ് കടുംവെട്ടിന് കളമൊരുക്കുന്നു. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഭൂപതിവ് നിയമഭേദഗതിയുടെ മറവില്‍ വന്‍കിട കയ്യേറ്റങ്ങളും ചട്ടലംഘനങ്ങളും ക്രമവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 16-ന് പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം, സാധാരണക്കാരായ കര്‍ഷകര്‍ക്കും കുടിയേറ്റക്കാര്‍ക്കും പുറമെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍, വന്‍കിട റിസോര്‍ട്ടുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയ്ക്കും ഈ ആനുകൂല്യം ഉറപ്പിക്കുന്ന വിധത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്.

കര്‍ഷകരെ മറയാക്കി വിവാദ സിപിഎം- സിപിഐ ഓഫിസുകളും അവരുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുകളും സ്ഥാപനങ്ങളും ക്രമവല്‍ക്കരിക്കാനുള്ള നീക്കമാണ് പുറത്തായത്. ഭൂപതിവ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള പുതിയ നിയമം 2024 ജൂണ്‍ 7-ന് മുമ്പ് നടന്ന ലംഘനങ്ങളെയാണ് പരിഗണിക്കുന്നത്. 2023-ല്‍ ഇടുക്കിയിലെ നിര്‍മ്മാണ നിരോധനവുമായി ബന്ധപ്പെട്ട് കോടതികളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ട വന്‍കിട സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളും ഇതോടെ നിയമവിധേയമാകും. കൃഷിക്കായി അനുവദിച്ച പട്ടയഭൂമിയില്‍ മറ്റ് നിര്‍മ്മാണങ്ങള്‍ നടത്തുന്നതാണ് പ്രധാന ലംഘനമായി കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ ചട്ടപ്രകാരം താഴെ പറയുന്നവയും ക്രമവല്‍ക്കരിക്കാമെന്നാണ് എസ്ഒപിയില്‍ പറയുന്നത്.

രാഷ്ട്രായ പാര്‍ട്ടി ഓഫീസുകള്‍ : ശാന്തന്‍പാറ, ബൈസണ്‍വാലി എന്നിവിടങ്ങളില്‍ സിപിഎം നിര്‍മ്മിച്ച ഓഫീസുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പുതിയ ഉത്തരവ് തുണയാകും.

വാണിജ്യ സ്ഥാപനങ്ങള്‍ : 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വന്‍കിട കെട്ടിടങ്ങള്‍ പോലും നിശ്ചിത പിഴയോടെ ക്രമവല്‍ക്കരിക്കാം.

റിസോര്‍ട്ടുകളും ടൂറിസം പദ്ധതികളും: ഇടുക്കി ഉള്‍പ്പെടെയുള്ള പരിസ്ഥിതി ലോല മേഖലകളിലെ റിസോര്‍ട്ടുകള്‍ക്കും അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍ക്കും പച്ചക്കൊടി ലഭിക്കും.

സ്വകാര്യ ആശുപത്രികള്‍ക്കും സ്വാശ്രയ കോളേജുകള്‍ക്കും പുതിയ ചട്ടം പ്രയോജനപ്പെടും.

കര്‍ഷകരെ സംരക്ഷിക്കാനെന്ന പേരില്‍ കൊണ്ടുവന്ന ഈ നിയമം യഥാര്‍ത്ഥത്തില്‍ വന്‍കിടക്കാരെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും സഹായിക്കാനുള്ളതാണെന്ന ആക്ഷേപം ശക്തമാണ്. ഇടുക്കിയില്‍ ഹൈക്കോടതി ഇടപെടലിലൂടെ തടഞ്ഞ പല അനധികൃത നിര്‍മ്മാണങ്ങളും ഇതോടെ നിയമസാധുത നേടും. സ്വകാര്യ കെട്ടിടങ്ങളും സ്ഥാപനങ്ങളും ക്രമവല്‍ക്കരിക്കുന്നതിന്റെ മറവില്‍ കോടികളാണ് നേതാക്കളുടേയും പാര്‍ട്ടികളുടേയും പോക്കറ്റിലേക്ക് വീഴുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയും അവരുടെ ഉദ്യോഗസ്ഥരുടെ ചേര്‍ന്നാണ് മുഖ്യമായും കടുംവെട്ടിന് നേതൃത്വം നല്‍കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News