Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഡിസംബര്‍ (H.S.)
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ കൂറുമാറിയവരെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍, മറുകണ്ടം ചാടിയതോടെ താത്ക്കാലിക നേട്ടങ്ങള്‍ കിട്ടിയവരെയെല്ലാം കാത്തിരിക്കുന്നത് കടുത്ത നിയമപ്രതിസന്ധിയാണ്. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് കര്‍ശന നിയമവ്യവസ്ഥകളാണ് നിലവിലുള്ളത് എന്നതുകൊണ്ട് തന്നെ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാകും കൂറുമാറിയ അംഗങ്ങള്‍ വിധേയരാകുക.
നിയമസഭയിലെയും പാര്‍ലമെന്റിലെയും കൂറുമാറ്റ നിയമത്തില്‍ കാണുന്ന ചില ഇളവുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ബാധകമല്ല. ഒരു പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് മറുപക്ഷത്ത് ചാടിയാലും അയോഗ്യത ഒഴിവാക്കാനാവില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 77 പേരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂറുമാറ്റത്തിന്റെ പേരില്‍ അയോഗ്യരാക്കിയിട്ടുള്ളത്. ഈ തവണ ഇത്തരം കേസുകള്‍ കൂടുതലായതിനാല്‍ അയോഗ്യത നേരിടുന്നവരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. എന്നാല്‍ ഓരോ കേസും പരാതികളുടെ അടിസ്ഥാനത്തില്‍ വാദം കേട്ട ശേഷമേ കമ്മിഷന്‍ തീരുമാനിക്കൂ.
കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച മുഴുവന്‍ അംഗങ്ങളും ബിജെപിയെ പിന്തുണച്ച മറ്റത്തൂര്‍ സംഭവത്തില്‍ ഈ വ്യവസ്ഥ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിമതന്‍ കെ.ആര്‍. ഔസേപ്പ്. ജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ഒപ്പം നിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ. ആര്‍. ഔസേപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പിന്തുണച്ചാല്‍ ഭരണം പിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന. എങ്ങനെ ഭരണം പിടിക്കുമെന്ന ചോദ്യത്തില്‍ ബിജെപി പിന്തുണയില്‍ ഭരിക്കുമെന്ന് അവര്‍ മറുപടി നല്‍കിയെന്നും കെ. ആര്‍. ഔസേപ്പ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കെ. ആര്‍. ഔസേപ്പ് പുറത്തുവിട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എന്‍. ചന്ദ്രന്‍ ബിജെപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി ഔസേപ്പ് വെളിപ്പെടുത്തി. തനിക്ക് ബിജെപിയുമായി കൂട്ടുകൂടാന്‍ താല്‍പ്പര്യമില്ലന്ന് അറിയിച്ചപ്പോള്‍, സ്ഥാനാര്‍ഥിയെ മാറ്റുമെന്നായിരുന്നു മറുപടി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ മൂളി കേട്ടിരുന്നെങ്കില്‍ താന്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആകുമായിരുന്നെന്നും കെ. ആര്‍. ഔസേപ്പ് പറഞ്ഞു.
അതേസമയം കൂട്ടക്കൂറുമാറ്റത്തില്‍ അന്ത്യശാസനവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തി. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എട്ട് അംഗങ്ങളും രാജിവച്ചില്ലെങ്കില്‍ അയോഗ്യരാക്കും എന്നാണ് ജോസഫ് ടാജറ്റിന്റെ മുന്നറിയിപ്പ്. രാജിവച്ച് പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞാല്‍ മാത്രമേ അയോഗ്യരാക്കാനുള്ള നടപടിയില്‍ നിന്ന് പിന്നോട്ട് പോകൂ എന്നും ടാജറ്റ് പറഞ്ഞു.
മറ്റത്തൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിന്റെ എട്ട് വാര്‍ഡ് മെമ്പര്‍മാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. വിമതരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാര്‍ഡ് മെമ്പര്‍മാരുടെ രാജി സമര്‍പ്പിച്ചത്. പിന്നാലെ കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. മറ്റത്തൂരില്‍ എല്‍ഡിഎഫ് പത്ത് വാര്‍ഡില്‍ യുഡിഎഫ് എട്ടിലും രണ്ടിടത്ത് കോണ്‍ഗ്രസ് വിമതരും വിജയിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S