Enter your Email Address to subscribe to our newsletters

Kollam, 29 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുവേണ്ടി ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രേഖകളില്‍ കൃത്രിമം നടത്തിയെന്നും ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അടുത്ത മാസം 12വരെയാണ് റിമാന്റ് കാലാവധി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് പ്രതിയെ റിമാന്റ് ചെയ്തത്. വിജയകുമാര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ ഈ മാസം 31 ന് പരിഗണിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെ ഇന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ എ പത്മകുമാര്‍ നേതൃത്വം നല്‍കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍.വിജയകുമാറിലേക്കും കെ.പി.ശങ്കര്‍ദാസിലേക്കും അന്വേഷണം എത്താത്തില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കുംഎസ്ഐടി നോട്ടിസ് നല്‍കി. എന്നാല്‍ ഹാജരായില്ല.കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുകയും ചെയ്തു.
ഉദ്യോഗസ്ഥരാണ് സ്വര്‍ണപാളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിയത് എന്നായിരുന്നു വിജയകുമാര്‍ പറഞ്ഞിരുന്നത്.എന്നാല്‍ ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു എന്ന കണ്ടെത്തിയതോടെയാണ് രണ്ട് അംഗങ്ങള്‍ക്കും തട്ടിപ്പ് സംബന്ധിച്ച് അറിവുണ്ടെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയത്. പത്മകുമാറിന്റെ അറസ്റ്റോടെ തന്നെ പ്രതിരോധത്തിലായ സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് വിജയകുമാറിന്റെ അറസ്റ്റ്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരുന്നു, . തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം കൈപ്പടയിലെഴുതിയ രേഖകളും മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴികളുമാണ് പത്മകുമാറിന് കുരുക്കായി മാറിയത്.
തട്ടിപ്പിന് തുടക്കം കുറിച്ചത് 2019 ഫെബ്രുവരിയില്‍ ആണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സ്വര്‍ണ്ണ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദ്ദേശം പത്മകുമാര്‍ ദേവസ്വം ബോര്‍ഡിന് മുന്നില്‍ ആദ്യം അവതരിപ്പിച്ചു. എന്നാല്‍ ബോര്‍ഡ് അംഗങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു.
ബോര്‍ഡ് എതിര്‍ത്തതിന് ശേഷവും, പോറ്റിക്ക് അനുകൂലമായി നടപടി സ്വീകരിക്കണമെന്ന് മുരാരി ബാബു, സുധീഷ് എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയതായി മൊഴികളുണ്ട്. ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന്റെ മൊഴിയനുസരിച്ച്, പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യം എടുക്കുകയും നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത പത്മകുമാറിന്റെ സ്വന്തം കൈപ്പടയിലെഴുതിയ രേഖകള്‍ ഏറ്റവും ശക്തമായ തെളിവായി. ഇത് തന്നെയാണ് അംഗങ്ങള്‍ക്കും കുരുക്കാകുന്നത്.
---------------
Hindusthan Samachar / Sreejith S