Enter your Email Address to subscribe to our newsletters

Sabarimala, 29 ഡിസംബര്‍ (H.S.)
നാളെ ആരംഭിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന അയ്യപ്പന്മാര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. അടിയന്തിര ഘട്ടം നേരിടാന്‍ ഡോക്ടര്‍മാരുടെ റിസര്‍വ് ലിസ്റ്റ് തയ്യാറായി. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി. മകരവിളക്ക് വ്യൂപോയിന്റുകളായ പമ്പ ഹില്‍ടോപ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്, യു-ടേണ്‍, ചാലക്കയം, ഇളവുംകാല്‍, നെല്ലിമല, പഞ്ഞിപ്പാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളില്‍ ആംബുലന്‍സും മെഡിക്കല്‍ ടീമും ഉണ്ടാകുമെന്ന് ശബരിമല ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ശ്യാം അറിയിച്ചു. തിരുവാഭരണം യാത്രയ്ക്ക് പന്തളം മുതല്‍ പമ്പവരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈല്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്; അടിയന്തിര വൈദ്യ സഹായത്തിനുള്ള സംവിധാനവും കുളനട, ചെറുകോല്‍, കഞ്ഞേറ്റുകര, വടശ്ശേരിക്കര എന്നിവിടങ്ങളിലും റാന്നി-പെരുനാട് ആശുപത്രികളിലും ലഭ്യമാക്കും. സന്നിധാനത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ക്വാര്‍ട്ടേഴ്‌സിലും ബെയ്‌ലി പാലത്തിന്റെ പരിസരത്തും ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കും. പാണ്ടിത്താവളം അടിയന്തിര ചികിത്സ കേന്ദ്രത്തില്‍ ഡോക്ടര്‍മാരെ നിയോഗിച്ചു. നിലവില്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 12 ആംബുലന്‍സുകള്‍ കൂടാതെ 27 ആംബുലന്‍സുകള്‍ കൂടി മകരവിളക്കിന് സജ്ജമാക്കും. മകരവിളക്കിനും, തലേന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക കോണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും; 0468 2222642, 0468 2228220 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മരുന്നുകള്‍ ബ്ലീച്ചിങ് പൌഡര്‍ മുതലായവ പമ്പയില്‍ ആവശ്യാനുസരണം ശേഖരിച്ചു. മണ്ഡലമഹോത്സവം അവസാനിച്ചപ്പോള്‍ പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരല്‍മേട്, നിലക്കല്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിച്ചത് 1,49,806 അയ്യപ്പ ഭക്തര്‍ക്കാണ്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ 57,412 പേര്‍ക്കും പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ 27,812 പേര്‍ക്കുമാണ് ഇക്കാലയളവില്‍ ചികിത്സ നല്‍കിയതെന്ന് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ അരുണ്‍ വിനായകന്‍ അറിയിച്ചു.
മണ്ഡലകല മഹോത്സവ ദിനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാന്‍ നിരന്തര പരിശോധനകള്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി. ഇക്കാലയളവില്‍ 1,728 പരിശോധനകളാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വകുപ്പ് നടത്തിയത്. വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ന്യുനതകള്‍ കണ്ടെത്തിയ 94 ഹോട്ടല്‍-ഭക്ഷ്യ കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയേ 35 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും ഫൈനും ഈടാക്കി; 2,00,500 രൂപയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കിയത്. 803 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മകരവിളക്ക് മഹോത്സവത്തിനും സുശക്തമായ പരിശോധനകളിലൂടെ മേഖലയിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുമെന്ന് ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സുജിത് പെരേര പറഞ്ഞു.
---------------
Hindusthan Samachar / Sreejith S