ആന്ധ്രാപ്രദേശില്‍ ട്രെയിനിന് തീപ്പിടിച്ചു; ഒരു മരണം
Vishakapattanam, 29 ഡിസംബര്‍ (H.S.) ആന്ധ്രാപ്രദേശില്‍ ട്രെയിനിന് തീപ്പിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ദുരന്തം. യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും അഗ്‌നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലാണ് കൂടുതല്‍ ആളപായം ഒഴിവാക്കിയത്. അതേസമയം, തീപ്പിടിത്ത
train


Vishakapattanam, 29 ഡിസംബര്‍ (H.S.)

ആന്ധ്രാപ്രദേശില്‍ ട്രെയിനിന് തീപ്പിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ദുരന്തം. യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും അഗ്‌നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലാണ് കൂടുതല്‍ ആളപായം ഒഴിവാക്കിയത്. അതേസമയം, തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തി. ട്രെയിനിലെ ബി1 കോച്ചിലെ യാത്രക്കാരനായ വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദര്‍(75) ആണ് തീപ്പിടിത്തത്തില്‍ മരിച്ചത്.

ഞായറാഴ്ച അര്‍ധരാത്രി 12.45-ഓടെയാണ് ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസില്‍ (18189) തീപ്പിടിത്തമുണ്ടായത്. എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ രണ്ട് എസി കോച്ചുകള്‍(ബി1, എം2) പൂര്‍ണമായും കത്തിനശിച്ചു. ഈ രണ്ട് കോച്ചുകളിലായി ആകെ 158 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 157 പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്നും ആര്‍ക്കും പരിക്കില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

യാത്രക്കാരിലൊരാളാണ് എസി കോച്ചില്‍ തീപ്പടര്‍ന്നത് ആദ്യം കണ്ടതെന്നാണ് വിവരം. ഇതോടെ യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതോടെ ട്രെയിന്‍ യേലമഞ്ചിലി സ്റ്റേഷനില്‍ നിര്‍ത്തി. ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ രണ്ട് കോച്ചുകളിലെയും യാത്രക്കാര്‍ പുറത്തിറങ്ങി. ഇതിനിടെ ചന്ദ്രശേഖര്‍ സുന്ദര്‍ കോച്ചില്‍ അകപ്പെട്ടുപ്പോയെന്നാണ് കരുതുന്നത്.

ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയതിന് പിന്നാലെ റെയില്‍വേ ജീവനക്കാര്‍ തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇവര്‍ അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തിയ ശേഷമാണ് തീ പൂര്‍ണമായും അണച്ചത്. കത്തിനശിച്ച രണ്ട് കോച്ചുകളും പിന്നീട് ട്രെയിനില്‍നിന്ന് വേര്‍പ്പെടുത്തി. ഈ കോച്ചുകളിലെ യാത്രക്കാരെ ബസുകളില്‍ സമാല്‍കോട്ട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താനുള്ള സംവിധാനം ഏര്‍പ്പാടാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അതിനിടെ, കത്തിനശിച്ച കോച്ചുകള്‍ വേര്‍പ്പെടുത്തിയശേഷം ടാറ്റാനഗര്‍ എക്സ്പ്രസ് എറണാകുളത്തേക്ക് യാത്ര പുനഃരാരംഭിച്ചു. ഏകദേശം ഏഴുമണിക്കൂറോളം വൈകിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്. നിലവില്‍ ട്രെയിന്‍ 12 മണിക്കൂറോളം വൈകിയോടുകയാണ്.

അപകടവിവരമറിഞ്ഞ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍, വിജയവാഡ ഡിആര്‍എം തുടങ്ങിയ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അതേസമയം, തീപ്പിടത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. കത്തിനശിച്ച കോച്ചുകളില്‍ ഫൊറന്‍സിക് സംഘവും പോലീസും വിശദമായ പരിശോധന നടത്തിവരികയാണ്.

അപകടവുമായി ബന്ധപ്പെട്ട് റെയില്‍വേ ഹെല്‍പ്പ്ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടായ ട്രെയിനിലെ യാത്രക്കാരുടെ വിവരങ്ങള്‍ക്കും അപകടം മൂലം വൈകുന്ന മറ്റുട്രെയിനുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍-

യേലമഞ്ചിലി റെയില്‍വേ സ്റ്റേഷന്‍- 7815909386

അനക്കപ്പള്ളി റെയില്‍വേ- 7569305669

തൂണി റെയില്‍വേ സ്റ്റേഷന്‍- 7815909479

സമാല്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍- 7382629990

രാജമുന്ദ്രി റെയില്‍വേ സ്റ്റേഷന്‍- 0883 2420541/ 43

യേലുരു റെയില്‍വേ സ്റ്റേഷന്‍- 7569305268

വിജയവാഡ റെയില്‍വേ സ്റ്റേഷന്‍- 0866 2575167

---------------

Hindusthan Samachar / Sreejith S


Latest News