Enter your Email Address to subscribe to our newsletters

New Delhi, 29 ഡിസംബര്‍ (H.S.)
ഉന്നാവ് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി. സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ സെന്‍ഗാര്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും.
ദില്ലി ഹൈക്കോടതി സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ ഉന്നാവ് പെണ്‍കുട്ടി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സെന്‍ഗാര്‍ പുറത്തിറങ്ങാനുള്ള സാധ്യതകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്.
2017-ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സെന്‍ഗാര്‍ ബലാത്സംഗം ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയായിരുന്നു അതിക്രമം. കേസില്‍ 2019-ല്‍ ദില്ലി സിബിഐ കോടതി സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ 25 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സെന്‍ഗാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി സെന്‍ഗാറിന് ആശ്വാസം നല്‍കിയെങ്കിലും ഇരയുടെ പരാതിയില്‍ സുപ്രീം കോടതി ഇടപെട്ടത് കേസിലെ നീതി തേടിയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായകമായി.
കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയും മാതാവും ഡല്‍ഹിയില്‍ പ്രതിഷേധം നടത്തി. മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചതോടെ ഓടുന്ന ബസില്‍നിന്ന് തന്നെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും അതിജീവിതയുടെ മാതാവ് ആരോപിച്ചത്. അതിജീവിതക്കു നേരെയുണ്ടായ പൊലീസ് നടപടിയെ രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇന്നലെ നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ വനിതകളുടെ പ്രതിഷേധം നടന്നു സാമൂഹ്യപ്രവര്‍ത്തകരായ മുംതാസ് പട്ടേല്‍, അംഗിത ഭയാന, ഋതിക ഇഷ, കെസ്‌വിയ ഹാലിത് എന്നിവരാണു പ്രതിഷേധിക്കുന്നത്. രാജ്യത്തെ പെണ്‍മക്കള്‍ക്കു നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.
---------------
Hindusthan Samachar / Sreejith S