Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഡിസംബര്‍ (H.S.)
ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍ ഉന്നയിച്ച ആരോപണത്തിനെതിരെ വി.കെ.പ്രശാന്ത് എംഎല്‍എ. ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടിയാണെന്ന് വി.കെ.പ്രശാന്ത് പ്രതികരിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ ആളുകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. കെ.എസ്. ശബരിനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും താന്‍ കേള്‍ക്കില്ലെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.
സ്വന്തം മണ്ഡലത്തല്‍ എംഎല്‍എ ഹോസ്റ്റല്‍ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരില്‍ രണ്ട് ഓഫിസ് മുറി അനുവദിച്ചിട്ടും എന്തിന് ശാസ്തമംഗലത്തെ നഗരസഭ കെട്ടിടത്തില്‍ ഓഫിസ് മുറി തുറന്നിരിക്കുന്നുവെന്ന് ശബരീനാഥന്‍ നേരത്തെ ചോദിച്ചിരുന്നു. പ്രശാന്തും ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയും തമ്മില്‍ ഓഫിസ് മുറിയുെട പേരില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി ശബരീനാഥന്‍ കൂടി രംഗത്തെത്തിയത്.
''നിയമസഭയുടെ എംഎല്‍എ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫിസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്? ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം എംഎല്‍എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം'' - ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രശാന്തിന്റെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസ് തനിക്ക് കൗണ്‍സിലര്‍ ഓഫീസായി ഉപയോഗിക്കാന്‍ വിട്ടുനല്‍കണമെന്നാണ് ആര്‍ ശ്രീലേഖയുടെ ആവശ്യം. ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായ ആര്‍ ശ്രീലേഖ ഫോണിലൂടെ വി കെ പ്രശാന്തിനോട് ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
എംഎല്‍എ-കൗണ്‍സിലര്‍ അവകാശത്തര്‍ക്കത്തില്‍പെട്ട ശാസ്തമംഗലത്തെ കോര്‍പറേഷന്‍ വക കെട്ടിടം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസിനായി പണികഴിപ്പിച്ചതാണ്. ഓടു മേഞ്ഞ കെട്ടിടം വി.കെ.പ്രശാന്ത് മേയറായിരിക്കെയാണു പുതുക്കിപ്പണിതത്. താഴത്തെ നിലയില്‍ എംഎല്‍എ ഓഫിസ്, കൗണ്‍സിലര്‍ ഓഫിസ്, കണ്ടിജന്‍സി ജീവനക്കാരുടെ വിശ്രമമുറി, ശുചീകരണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള മുറി എന്നിവയാണുള്ളത്. മുകള്‍ നിലയില്‍ എച്ച്ഐ ഓഫിസ്. മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളുമുണ്ട്.
എംഎല്‍എ ഓഫിസ് രണ്ടായി വിഭജിച്ചിരിക്കുന്നു. റിസപ്ഷനും എംഎല്‍എയുടെ കാബിനും. റിസപ്ഷനില്‍ എംഎല്‍എയുടെ പിഎയും ഓഫിസ് ജീവനക്കാരു. റിസപ്ഷന്റെ അരികിലൂടെയാണ് കൗണ്‍സിലറുടെ ഓഫിസിലേക്കു കയറേണ്ടത്. ഓഫിസ് മുറിയും ശുചിമുറിയുമാണ് ഇവിടെയുള്ളത്. ബിജെപിയുടെ തന്നെ മധുസുദനന്‍നായര്‍ കൗണ്‍സിലറായിരിക്കേ ഓഫിസ് മുറിയില്‍ സൗകര്യമില്ലെന്ന പേരില്‍ ശുചിമുറിയില്‍ അലമാര വച്ച് അതിലാണ് ഓഫിസ് ഫയലുകള്‍ സൂക്ഷിച്ചിരുന്നത്.
---------------
Hindusthan Samachar / Sreejith S