എംഎൽഎ ഹോസ്റ്റലിൽ മുറികളുണ്ട് ; ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം; വികെ പ്രശാന്തിനെതിരെ ശബരീനാഥനും
Thiruvanathapuram, 29 ഡിസംബര്‍ (H.S.) വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. നിയമസഭയുടെ എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ്
sabarinathan


Thiruvanathapuram, 29 ഡിസംബര്‍ (H.S.)

വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. നിയമസഭയുടെ എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് നഗരസഭയുടെ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നാണ് ശബരീനാഥൻ ചോദിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

വികെ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫീസ് മുറികൾ എംഎൽഎയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിംഗും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്.പിന്നെന്തിന് നഗരസഭാ കെട്ടിടം? സർക്കാർ സൗജന്യമായി ഇത്രയും സൗകര്യങ്ങൾ നൽകുമ്പോൾ അത് ഉപേക്ഷിച്ചാണ് ശാസ്തമംഗലത്തെ നഗരസഭാ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത്.

മിക്ക എം.എൽ.എമാരും സ്വന്തം മണ്ഡലങ്ങളിൽ വാടക മുറികളിലാണ് ഓഫീസ് നടത്തുന്നത്. എന്നാൽ ഹോസ്റ്റൽ സൗകര്യം സ്വന്തം മണ്ഡലത്തിലുള്ള പ്രശാന്ത് അത് ഉപയോഗപ്പെടുത്താതെ നഗരസഭയുടെ കെട്ടിടം കൈവശം വെക്കുന്നത് ശരിയല്ല എന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം. പിന്നീട് അദ്ദേഹം തന്റെ അഭിപ്രായം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയുകയും ചെയ്തു.

വി കെ പ്രശാന്തിന്റെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് തനിക്ക് കൗൺസിലർ ഓഫീസായി ഉപയോഗിക്കാൻ വിട്ടുനൽകണമെന്നാണ് ആർ ശ്രീലേഖയുടെ ആവശ്യം. ശാസ്തമംഗലം വാർഡ് കൗൺസിലറായ ആർ ശ്രീലേഖ ഫോണിലൂടെ വി കെ പ്രശാന്തിനോട് ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

എംഎല്‍എ-കൗണ്‍സിലര്‍ അവകാശത്തര്‍ക്കത്തില്‍പെട്ട ശാസ്തമംഗലത്തെ കോര്‍പറേഷന്‍ വക കെട്ടിടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസിനായി പണികഴിപ്പിച്ചതാണ്. ഓടു മേഞ്ഞ കെട്ടിടം വി.കെ.പ്രശാന്ത് മേയറായിരിക്കെയാണു പുതുക്കിപ്പണിതത്. താഴത്തെ നിലയില്‍ എംഎല്‍എ ഓഫിസ്, കൗണ്‍സിലര്‍ ഓഫിസ്, കണ്ടിജന്‍സി ജീവനക്കാരുടെ വിശ്രമമുറി, ശുചീകരണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള മുറി എന്നിവയാണുള്ളത്. മുകള്‍ നിലയില്‍ എച്ച്‌ഐ ഓഫിസ്. മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളുമുണ്ട്.

എംഎല്‍എ ഓഫിസ് രണ്ടായി വിഭജിച്ചിരിക്കുന്നു. റിസപ്ഷനും എംഎല്‍എയുടെ കാബിനും. റിസപ്ഷനില്‍ എംഎല്‍എയുടെ പിഎയും ഓഫിസ് ജീവനക്കാരു. റിസപ്ഷന്റെ അരികിലൂടെയാണ് കൗണ്‍സിലറുടെ ഓഫിസിലേക്കു കയറേണ്ടത്. ഓഫിസ് മുറിയും ശുചിമുറിയുമാണ് ഇവിടെയുള്ളത്. ബിജെപിയുടെ തന്നെ മധുസുദനന്‍നായര്‍ കൗണ്‍സിലറായിരിക്കേ ഓഫിസ് മുറിയില്‍ സൗകര്യമില്ലെന്ന പേരില്‍ ശുചിമുറിയില്‍ അലമാര വച്ച് അതിലാണ് ഓഫിസ് ഫയലുകള്‍ സൂക്ഷിച്ചിരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News