Enter your Email Address to subscribe to our newsletters

Bengaluru, 29 ഡിസംബര്‍ (H.S.)
ബെംഗളൂരു യലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍ വിവാദമായതോടെ കര്‍ണാടക സര്‍ക്കാരിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ പ്രശ്‌നപരിഹാരത്തിന് തിരക്കിട്ട ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഫ്‌ലാറ്റുകള്‍ നല്‍കാന്‍ തീരുമാനം. ബൈപ്പന ഹള്ളിയില്‍ 180 ഫ്‌ലാറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ഒരുവശത്ത്. ബി.ജെ.പി സര്‍ക്കാരുകളെ ബുള്‍ഡോസര്‍ രാജുകളെ എങ്ങനെ വിമര്‍ശിക്കുമെന്നതു മറ്റൊരു പ്രശ്‌നം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു മുന്നില്‍ പുതിയ പ്രതിസന്ധിയാണ് യലഹങ്കയിലെ ഫക്കീര്‍ കോളനി പൊളിക്കലുണ്ടാക്കിയത്. ഇതോടെയാണ് ഇടന്‍ പരിഹാരം വേണമെന്ന നിര്‍ദേശം ഡല്‍ഹിയില്‍ നിന്നുണ്ടായത്. രേഖകളുള്ളരെ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഉള്‍പെടുത്താണ് തീരുമാനം.
ഇതിന്റെ ഭാഗമായിട്ടാണ് ഭവനമന്ത്രി സെമീര്‍ അഹമ്മദും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദും സംഭവ സ്ഥലം സന്ദര്‍ശിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കന്‍മാരെത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണന്ന് മന്ത്രി കുറ്റപെടുത്തി. മറുവശത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ എവിടെപോകണമെന്നറിയാതെ നിസഹായരായി നില്‍ക്കുന്ന ആയിരത്തിലധികം പേര്‍. പുലര്‍ച്ചെ മണ്ണുമാന്തിയന്ത്രങ്ങള്‍ ഇരമ്പിച്ചെത്തിയപ്പോഴാണ് ഒഴിപ്പിക്കല്‍ വിവരം അറിഞ്ഞതെന്നാണ് എല്ലാവരും പറയുന്നത്. റവന്യു ഉദ്യോഗസ്ഥരെത്തുന്നതുവരെ കൊടും തണുപ്പില്‍ ടാര്‍ പോളിന്‍ ഷീറ്റിനുള്ളില്‍ കഴിയാനാണ് ഒഴിപ്പിച്ചവരുടെ തീരുമാനം.
ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടില്‍ (വസീം ലേഔട്ട്, ഫക്കീര്‍ കോളനി) പുലര്‍ച്ചെ നാല് മണിക്ക് നടന്ന അപ്രതീക്ഷിത ബുള്‍ഡോസര്‍ രാജ് നടപടിയില്‍ മുന്നൂറിലധികം വീടുകളാണ് തകര്‍ക്കപ്പെട്ടത്. മൂവായിരത്തോളം പാവപ്പെട്ട ജനങ്ങളാണ് കൊടും തണുപ്പില്‍ തെരുവിലാക്കപ്പെട്ടത്.
കുടിയൊഴിപ്പിക്കലിന് മുന്‍പ് 15 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന, സുപ്രീം കോടതിയുടെ നവംബര്‍ 2024ലെ ചരിത്രപരമായ വിധി നിലനില്‍ക്കെയാണ് ബിഎസ്ഡബ്ല്യുഎംഎല്‍ (BSWML) ഉദ്യോഗസ്ഥര്‍ പൊലീസ് സന്നാഹത്തോടെ ഇവിടേക്ക് ഇരച്ചുകയറിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം 150-ഓളം പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കല്‍ വേട്ട. 30 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നവര്‍ക്ക് തങ്ങളുടെ വസ്ത്രങ്ങളോ കുട്ടികളുടെ പഠനരേഖകളോ എടുക്കാന്‍ പോലും സമയം നല്‍കിയില്ല. ദരിദ്രരായ ഈ മനുഷ്യരുടെ ഉപജീവനമാര്‍ഗമായ കച്ചവട വണ്ടികള്‍ പോലും അധികൃതര്‍ തകര്‍ത്തെറിഞ്ഞു.
'ഞങ്ങള്‍ മുപ്പത് വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണ്. ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും കറന്റ് ബില്ലും ഇവിടുത്തെ അഡ്രസ്സിലാണ്. നടപടി തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ ഇവിടുത്തെ വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ എങ്ങനെയാണ് ഞങ്ങളെ ഇങ്ങനെ ഇറക്കിവിടുന്നത്?' - താമസക്കാരനായ സയിദ് മുസ്തഫ ചോദിക്കുന്നു.
'അവര്‍ മണ്ണുമാന്തി യന്ത്രങ്ങളുമായി വന്ന് വീടുകള്‍ ഒഴിയാന്‍ പറഞ്ഞു. ഞങ്ങളുടെ രേഖകള്‍ പോലും എടുക്കാന്‍ അവര്‍ സമയം നല്‍കിയില്ല,' - തന്റെ വീട് തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്ന വയോധികയായ ജൈതൂന്‍ ബീയുടെ വാക്കുകളില്‍ വേദനയായിരുന്നു.
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിനായി ഭൂമി വീണ്ടെടുക്കാനാണ് ഈ ക്രൂരതയെന്നാണ് ഔദ്യോഗിക വിശദീകരണം. പിടിച്ചെടുത്ത ഭൂമിക്ക് 80 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥര്‍, ആ ഭൂമിയില്‍ ദശകങ്ങളായി വിയര്‍പ്പൊഴുക്കി ജീവിച്ച മനുഷ്യരെക്കുറിച്ച് മൗനം പാലിക്കുകയാണ്. പ്രാദേശിക എംഎല്‍എയും മന്ത്രിയുമായ കൃഷ്ണ ബൈരെ ഗൗഡയോട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഇരകളെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നാണ് ആരോപണം
---------------
Hindusthan Samachar / Sreejith S