Enter your Email Address to subscribe to our newsletters

Thiruvananthapuram, 3 ഡിസംബര്‍ (H.S.)
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ കണ്ടമ്പററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോക സിനിമയിലെ, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ ശക്തമായ ശബ്ദങ്ങളിലൊന്നാണ് ഗരിന്‍ നുഗ്രോഹോ. കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊക്കാര്‍ണോ മേളകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
'ബേഡ് മാന്‍ ടെയ്ല്‍', 'എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി', 'സംസാര', 'വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്', 'ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പാപ്പുവ നഗരം സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്നതിനായി അവളെ പിന്തുടരുന്ന അര്‍നോള്‍ഡ് എന്ന 15 കാരന്റെ കഥ പറയുകയാണ് 'ബേഡ് മാന്‍ ടെയ്ല്‍'. 2001ലെ സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഫിപ്രസ്‌കി പുരസ്‌കാരം നേടിയ ചിത്രമാണ് 'എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി'. ലൊകാര്‍ണോ മേളയില്‍ സില്‍വര്‍ ലെപ്പേര്‍ഡ് അവാര്‍ഡും ഈ ചിത്രം നേടുകയുണ്ടായി. ജയിലിലെ രണ്ടു സെല്ലുകളിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പൂര്‍ണമായും ബ്‌ളാക് ആന്റ് വൈറ്റിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരില്‍ തടവിലാക്കപ്പെടുന്ന കവി ഇബ്രാഹിം കദീറിന്റെ അനുഭവങ്ങളിലൂടെ ഇന്തോനേഷ്യയിലെ അനധികൃത തടവുകാരുടെ ദുരിത ജീവിതം നാം അറിയുന്നു.
2024ല്‍ പുറത്തിറങ്ങിയ നിശ്ശബ്ദ പ്രണയകഥയാണ് 1930 കളിലെ ബാലി പശ്ചാത്തലമായ 'സംസാര'. താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അംഗീകാരം നേടുന്നതിനായി സമ്പന്നനാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആഭിചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു ദരിദ്രന്റെ കഥയാണിത്. 'വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്' സമ്പന്നര്‍ക്കും പ്രബലര്‍ക്കുമൊപ്പം നില്‍ക്കുന്ന അഴിമതി നിറഞ്ഞ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടിവരുന്ന ഒരു അഭിഭാഷകന്റെ ദുരവസ്ഥ വരച്ചുകാട്ടുന്നു.
ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍ (1994) ഭൂമിയെ സംരക്ഷിക്കുന്ന മാലാഖയില്‍ വിശ്വസിക്കുന്ന ലെവ എന്ന ബാലന്റെ കഥ പറയുന്നു. സുംബ ദ്വീപില്‍ ചിത്രീകരിച്ച ആദ്യ ചിത്രമാണ് ഇത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR