Enter your Email Address to subscribe to our newsletters

Thiruvanathapuram, 3 ഡിസംബര്‍ (H.S.)
യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനകേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തുടര്‍വാദം നാളെ. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് വിശദമായ വാദം നടന്നു. രാഹുലിന്റെയും പരാതിക്കാരിയുടെയും ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് വാദം നടന്നത്.
യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു. കേസിന് പിന്നില്‍ സി.പി.എം.-ബി.ജെ.പി. ഗൂഢാലോചനയുണ്ട്. രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നല്‍കിയത് തുടങ്ങിയ വാദങ്ങളാണ് രാഹുലിന്റെ വക്കീല്‍ മുന്നോട്ട് വച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വിവാദങ്ങളില്‍നിന്ന് പൊതുശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. യുവതി വിവാഹിതയാണ്. ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം രാഹുലിനല്ല, ഭര്‍ത്താവിനാണ്. ഗര്‍ഭഛിദ്രം നടത്തിയത് യുവതി സ്വമേധയാ ഗുളിക കഴിച്ചാണ് എന്നുള്ള വാദങ്ങളും ഉയര്‍ത്തി.
രാഹുല്‍ ചെയ്തത് കടുത്ത കുറ്റകൃത്യമാണ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൂടാതെ രാഹുല്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കി. ബലാത്സംഗ ദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിക്കുകയും, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കോടതിയില്‍നിന്ന് കടുത്ത നടപടിയുണ്ടായാല്‍ രാഹുലിന് പാര്‍ട്ടിയില്‍നിന്ന് പുറത്താകാനും എംഎല്‍എ സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്. യുവതി പരാതി നല്‍കി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കേരളത്തിന് പുറത്ത് രാഹുല്‍ ഒളിവിലാണെന്നാണ് പോലീസ് കരുതുന്നത്.
---------------
Hindusthan Samachar / Sreejith S