വടക്കൻ തമിഴ്നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ കനക്കും, ഇന്ന് ഒരു ജില്ലയില്‍ ഓറഞ്ച് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Chennai, 3 ഡിസംബര്‍ (H.S.) വടക്കൻ തമിഴ്നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍, അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. വടക്കൻ തമിഴ്നാട് മുതല്‍
Rain


Chennai, 3 ഡിസംബര്‍ (H.S.)

വടക്കൻ തമിഴ്നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍, അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

വടക്കൻ തമിഴ്നാട് മുതല്‍ കർണാടക-തമിഴ്നാട്-വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ ഉയരത്തില്‍ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.

ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്;

ഇടുക്കി ജില്ലയില്‍

ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്;

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്.

നാളെ (ഡിസംബർ 4ന് ) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്;

തൃശൂർ, മലപ്പുറം, വയനാട് .

അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യതയും അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാമെന്നാണ് പ്രവചനം.

മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും, സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.

അതേസമയം, ന്യൂനമർദ്ദം ദുർബലമായിട്ടും തമിഴ്നാട്ടില്‍ മഴ തുടരുകയാണ്. സംസ്ഥാനത്തെ 22 ജില്ലകളിലും പുതുച്ചേരിയിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നു. വടക്കൻ ചെന്നൈയും തിരുവള്ളൂരും ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ്.

ചെന്നൈയിലെ പുരസൈവാക്കത്ത് ഒരു വീടിന്റെ ചുവരിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. ചുവരിടിഞ്ഞ് റോഡരികില്‍ നിർത്തിയിരുന്ന ഒരു കാർ തകർന്നിട്ടുമുണ്ട്.

ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂർ കൂടി മഴ തുടരാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, വെള്ളക്കെട്ടും നഗരത്തിലെ ന്യൂനമായ അടിസ്ഥാന സൗകര്യങ്ങളും ഡിഎംകെ സർക്കാരിന്റെ അനാസ്ഥയാണെന്ന് ടി.വി.കെ അധ്യക്ഷൻ വിജയ് വിമർശിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News