Enter your Email Address to subscribe to our newsletters

Alappuzha, 3 ഡിസംബര്‍ (H.S.)
ബലാത്സംഗ കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുമോ എന്നതിൽ ഇന്നും വ്യക്തത വരുത്താതെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്ന് ഉച്ചയ്ക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലും രാഹുലിനെതിരെ നടപടി എടുക്കുന്നത് ആലോചിച്ചു മാത്രം ചെയ്യുമെന്ന് ആവർത്തിക്കുക മാത്രമാണ് സണ്ണി ജോസഫ് ചെയ്തത്.
രാഹുലിനെതിരെ നേരത്തെ നടപടി എടുത്തു കഴിഞ്ഞെന്നും ഇനി നിയമം നിയമത്തിൻ്റെ വഴിക്ക് പോവട്ടെയെന്നുമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. രാഹുലിനെതിരെ വാർത്ത വന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇക്കാര്യം ലോകത്ത് എല്ലാവർക്കും അറിയാവുന്നതാണ്. അയാൾക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വന്നു. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി. രാഹുൽ നിയമസഭയിൽ ഇരുന്നത് പ്രതിപക്ഷ നിരയിൽ അല്ല. ആദ്യം മുതലേ കോൺഗ്രസ് നേതാക്കൾ പറയുന്ന ഒരു കാര്യം, ഇനി നിയമം നിയമത്തിൻ്റെ വഴിക്ക് പോവട്ടെ എന്നാണ്, കെപിസിസി അധ്യക്ഷൻ പറഞ്ഞു.
താൻ പ്രസിഡൻ്റായ ശേഷം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികൾ വന്നിരുന്നില്ലെന്നും ആദ്യത്തെ പരാതി ലഭിച്ചത് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് ശേഷമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ആദ്യത്തെ പരാതിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ഉണ്ടായിരുന്നു. അത് കൊണ്ട് പരാതി കൈമാറിയില്ല. ഇന്നലെ തനിക്ക് ലഭിച്ച പരാതിയിൽ വ്യക്തത ഉണ്ടായിരുന്നില്ല. എങ്കിലും പരാതി ഡിജിപിക്ക് കൈമാറി, സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഹൈക്കോടതി ഇടപെട്ടതു കൊണ്ടു മാത്രമാണ് ശബരിമല മോഷണക്കേസ് ഇത്രയും മുന്നോട്ട് പോയതെന്നും അറസ്റ്റിലായവരെ സിപിഐഎം സസ്പെൻഡ് ചെയ്യുന്നില്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു. പുറത്താക്കണമെന്ന് പറയുന്നവരെ എം.വി. ഗോവിന്ദൻ പുച്ഛിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR