Enter your Email Address to subscribe to our newsletters

Thiruvananthapuram, 3 ഡിസംബര്‍ (H.S.)
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്.
വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു മുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനില്‍ നിന്ന് ഫയർഫോഴ്സ് സേനാംഗങ്ങള്‍ ഓടിയെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപിടിച്ചത് കണ്ട ഉടൻ തന്നെ കുടുംബം കാറില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അജയ് കുമാറും ഭാര്യയും കുഞ്ഞുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നത്. ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെ ഉടൻ പുറത്തിറങ്ങാൻ കഴിഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു.
തീപിടിത്തത്തില്‍ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടാണ് ഫയർഫോഴ്സ് സേനാംഗങ്ങള്‍ ഓടിയെത്തിയത്. അപ്പോഴേക്കും തീ പെട്ടെന്ന് പടരുകയായിരുന്നു. ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തില്‍ സീനിയർ ഫയർ ആൻഡ് ഓഫീസറായ സനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ്, സന്തോഷ് കുമാർ, പ്രദീപ്, രതീഷ്, സാജൻ, രഹില്‍തുടങ്ങിയവർ ഉള്‍പ്പെട്ട സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR