Enter your Email Address to subscribe to our newsletters

Kannur, 3 ഡിസംബര്‍ (H.S.)
കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബാങ്ക് ചെയര്‍മാനും കെപിസിസി അംഗവുമായ എന്‍ കെ അബ്ദുറഹ്‌മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. ഡിസിസി അധ്യക്ഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് ആണ് നടപടി സ്വീകരിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അബ്ദുറഹ്‌മാനെതിരെ നടപടി. പ്രധാനമായും രണ്ടു ഗുരുതര ആരോപണങ്ങളാണ് നേതൃത്വം കണ്ടെത്തിയത്. ബാങ്കിന്റെ ഭരണം അട്ടിമറിക്കുന്നതിനായി സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബാങ്കിന്റെ ഡയറക്ടര്‍മാരോ ജീവനക്കാരോ അറിയാതെ 800ലധികം പുതിയ എ-ക്ലാസ് മെമ്പര്‍ഷിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു.
മലബാറില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളില്‍ ഒന്നാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച വരെ ബാങ്കില്‍ 771 എ-ക്ലാസ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍, തിങ്കളാഴ്ച ആയപ്പോഴേക്കും അംഗസംഖ്യ 1600 ആയി ഉയര്‍ന്നു. ജീവനക്കാരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് ശനിയും ഞായറും ദിവസങ്ങളില്‍ രാത്രിയിലാണ് ഓണ്‍ലൈനായി മെമ്പര്‍ഷിപ്പുകള്‍ കൂട്ടിച്ചേര്‍ത്തത്.
ഭരണസമിതിയെ പിരിച്ചുവിട്ട അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിനെതിരെ ഡയറക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്ക് ചെയര്‍മാനെതിരെ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S