Enter your Email Address to subscribe to our newsletters

UP, 3 ഡിസംബര്‍ (H.S.)
റോഹിംഗ്യന്‍, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാ ഡിവിഷനുകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. 17 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ അധികാരപരിധിയിലുള്ള അനധികൃത കുടിയേറ്റക്കാരുടെ വിശദമായ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി ഈ ലിസ്റ്റുകള്‍ അതത് കമ്മീഷണര്‍മാര്‍ക്കും ഇന്‍സ്‌പെക്ടര്‍ ജനറലിനും സമര്‍പ്പിക്കും.
കര്‍മ്മ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍, പരിശോധനാ പ്രക്രിയയില്‍ തിരിച്ചറിയപ്പെടുന്ന വ്യക്തികളെ പാര്‍പ്പിക്കുന്നതിനായി പ്രത്യേക തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, ഭരണസംവിധാനം വേഗത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിരവധി ജില്ലകളില്‍ പരിശോധന, ഡോക്യുമെന്റേഷന്‍, ഫീല്‍ഡ് വിലയിരുത്തലുകള്‍ എന്നിവ ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നവംബര്‍ 22 ന്, സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ വേഗത്തിലും കര്‍ശനമായും നടപടിയെടുക്കാന്‍ ആദിത്യനാഥ് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നുഴഞ്ഞുകയറ്റക്കാരെ പാര്‍പ്പിക്കാന്‍ ഓരോ ജില്ലയിലും താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S