Enter your Email Address to subscribe to our newsletters

New delhi, 3 ഡിസംബര്‍ (H.S.)
മുസ്ലിം സ്ത്രീക്ക് വിവാഹസമയത്ത് ഭര്‍ത്താവിന് നല്‍കിയ പണവും സ്വര്‍ണാഭരണങ്ങളും വിവാഹമോചന സമയത്ത് തിരിച്ചുവാങ്ങാമെന്ന് സുപ്രീം കോടതി.1986-ലെ മുസ്ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം വിവാഹമോചിതയായ ഒരു മുസ്ലിം സ്ത്രീക്ക് വിവാഹസമയത്ത് മാതാപിതാക്കള്‍ ഭര്‍ത്താവിന് നല്‍കിയ പണവും സ്വര്‍ണാഭരണങ്ങളും മറ്റ് വസ്തുക്കളും വീണ്ടെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സഞ്ജയ് കരോള്‍, എന്‍. കോടിശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഒരു മുസ്ലിം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്നതാണ് 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമം എന്ന് ബെഞ്ച് പറഞ്ഞു. സമത്വം, അന്തസ്, സ്വയാശ്രയം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമ നിര്‍മാണം നടന്നത്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, പുരുഷാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും വിധിന്യായത്തില്‍ പറയുന്നു. ഡിസംബര്‍ 2-നാണ് വിധി പ്രസ്താവിച്ചത്.
1986 ലെ നിയമത്തിലെ സെക്ഷന്‍ 3(1) പ്രകാരം ഒരു മുസ്ലിം സ്ത്രീക്ക് വിവാഹസമയത്ത് നല്‍കുന്ന മഹര്‍ ഉള്‍പ്പടെയുള്ള സ്വത്തുക്കളില്‍ അവകാശമുണ്ട്. സ്വത്തുക്കള്‍ വിവാഹമോചന സമയത്ത് തിരികെ നല്‍കിയില്ലെങ്കില്‍, മഹര്‍ അടക്കമുള്ള സ്വത്തുക്കള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്തരവിനായി മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കാവുന്നതാണ്. വിവാഹമോചനത്തിനുശേഷം ഒരു മുസ്ലിം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുകയാണ് 1986-ലെ മുസ്ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമത്തിന്റെ പ്രധാന ലക്ഷ്യം.
---------------
Hindusthan Samachar / Sreejith S