പുതുവത്സരാഘോഷ വേളയിൽ ഫോർട്ട് കൊച്ചിയിൽ ഇത്തവണ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്.
Ernakulam, 30 ഡിസംബര്‍ (H.S.) പുതുവത്സരാഘോഷ വേളയിൽ ഫോർട്ട് കൊച്ചിയിൽ ഇത്തവണ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. ആഘോഷത്തിൽ പങ്കെടുക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ ആളുകൾ എത്തുമെന്നാണ് സൂചന. ഇത് കണക്കിലെടുത
Newyear celebration


Ernakulam, 30 ഡിസംബര്‍ (H.S.)

പുതുവത്സരാഘോഷ വേളയിൽ ഫോർട്ട് കൊച്ചിയിൽ ഇത്തവണ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. ആഘോഷത്തിൽ പങ്കെടുക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ ആളുകൾ എത്തുമെന്നാണ് സൂചന. ഇത് കണക്കിലെടുത്ത് കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ ഫോർട്ട് കൊച്ചിയിൽ വിന്യസിച്ച് തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണർ ഫോർട്ട് കൊച്ചിയിൽ നേരിട്ടെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.

ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലുമായി ബന്ധപ്പെട്ട് വലിയതോതിൽ സമൂഹമാദ്ധ്യമങ്ങളിൽ റീലുകൾ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ആളുകളെ പ്രതീക്ഷിക്കാം. ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും എന്നാൽ അമിത നിയന്ത്രണം ഉണ്ടാവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ നിലപാടറിയിച്ചിരുന്നു. വെളിച്ചവും മെഡിക്കൽ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇത്തവണ കൊച്ചിയിൽ രണ്ടിടത്തായാണ് ഭീമൻ പാപ്പാഞ്ഞികൾ ഒരുങ്ങുന്നത്. കലയും സംസ്കാരവും ഐക്യവും സന്ദേശമാക്കിയാണ് കൊച്ചിൻ കാർണിവൽ ഈ വർഷവും പുതുവത്സര ആഘോഷങ്ങൾക്ക് നിറം പകരാൻ ഒരുങ്ങുന്നത്.

ഫോർട്ട് കൊച്ചിയിൽ നൂറ്റാണ്ടുകളായി തുടരുന്ന ഒന്നാണ് പുതുവത്സരത്തെ വരവേറ്റ് കൊണ്ട് പാപ്പാഞ്ഞിയെ അഗ്നിക്ക് ഇരയാക്കൽ. പോയ വർഷത്തെ ദുഃഖങ്ങളും നഷ്ടങ്ങളും എല്ലാം അഗ്നിക്കിരയാക്കി, സന്തോഷത്തോടെയും പ്രതീക്ഷകളോടെയും പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമാണ് പാപ്പാഞ്ഞി കത്തിക്കൽ. ഇതുവരെ ഒരിടത്ത് മാത്രമായിരുന്നു പാപ്പാഞ്ഞി ഉണ്ടായിരുന്നത് എങ്കിൽ ഇത്തവണ രണ്ടിടത്തായാണ് ഭീമൻ പാപ്പാഞ്ഞികൾ ഒരുങ്ങുന്നത്.

ഗാല ഡീ ഫോർട്ട്കൊച്ചി ഒരുക്കിയ ഭീമൻ പാപ്പാഞ്ഞിയുടെ നിർമാണം പൂർത്തിയായി. ഇവിടേക്ക് പുതുവത്സരാഘോഷത്തിന് എത്തുന്ന ആളുകൾക്ക് വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു. പരേഡ് ഗ്രൗണ്ടിലാണ് മറ്റൊരു പാപ്പാഞ്ഞി ഒരുങ്ങുന്നത് ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിജെ മ്യൂസിക്കൽ നൈറ്റ് ഉൾപ്പെടെയുള്ള പരിപാടികളും ഇവിടെ ഒരുങ്ങുന്നുണ്ട്.

എറണാകുളം നഗരത്തിൽ മറ്റു സ്ഥലങ്ങളിലും സമാനമായ നിലയിൽ പാപ്പാഞ്ഞി കത്തിക്കൽ ഉണ്ട്. തൃപ്പൂണിത്തുറ, തൃക്കാക്കര, കാക്കനാട്, പള്ളുരുത്തി, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങളിലും സമാനമായ നിലയിൽ ന്യൂ ഇയർ ആഘോഷം നടക്കും. ഇവിടെയെല്ലാം അതാത് ഡിവിഷനുകളുടെ നേതൃത്വത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കമ്മീഷണർ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News