മുൻ എംഎൽഎയും മുതിർന്ന സിപിഐഎം നേതാവുമായകെ കെ നാരായണന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
Kerala, 30 ഡിസംബര്‍ (H.S.) ധർമ്മടം മുൻ എംഎൽഎയും മുതിർന്ന സിപിഐഎം നേതാവുമായകെ കെ നാരായണന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു കെ കെ നാരായണനെന്ന് മു
Obituary


Kerala, 30 ഡിസംബര്‍ (H.S.)

ധർമ്മടം മുൻ എംഎൽഎയും മുതിർന്ന സിപിഐഎം നേതാവുമായകെ കെ നാരായണന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു കെ കെ നാരായണനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ജനപ്രതിനിധി, സഹകാരി, പൊതുപ്രവർത്തകൻ എന്നീ നിലയിലും ഇടപെട്ട മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ധർമ്മടം മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും സജീവമായ ഇടപെടലാണ് അദ്ദേഹം നടത്തിയിരുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു.

പാർട്ടിയുടെ ഉപരി കമ്മിറ്റികളിൽ നിന്ന് ഒഴിവായ ശേഷവും നാട്ടിലെ പൊതു വിഷയങ്ങളിൽ ഇടപെടാനും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാനും ആരോഗ്യപ്രശ്‌നങ്ങൾ മറന്നു കൊണ്ട് പോലും കെ കെ നാരായണൻ സന്നദ്ധനായിരുന്നു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കെ കെ നാരായണന്റെ വേർപാടിൽ കുടുംബത്തിന്റെയും പാർട്ടി സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു- മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.

കെ കെ നാരായണന്റെ വിയോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനുശോചിച്ചു. ധർമ്മടത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായും കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും പ്രവർത്തിച്ച കെ കെ നാരായണൻ കർമ്മ മണ്ഡലത്തിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണെന്ന് എം വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

'കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എകെജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ എന്നീ നിലകളിലും സഖാവ് പ്രവർത്തിച്ചു. സ്‌നേഹവും സഹാനുഭൂതിയും പോരാട്ടവീറും സമന്വയിച്ച പ്രവർത്തനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ വിശ്രമരഹിതമായ ഇടപെടലുകൾ നടത്തുവാൻ സദാസന്നദ്ധനായിരുന്നു. സഖാവിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.' എം വി ഗോവിന്ദൻ കുറിച്ചു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ പെരളശ്ശേരി സ്കൂളിലെ എൻഎസ്എസ് ക്യാംപിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 29 വർഷം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന കെ.കെ നാരായണന്‍, 2005 മുതൽ 2010 വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

2011-2016 കാലയളവില്‍ ധർമ്മടം എംഎല്‍എയായിരുന്നു. അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് ബീഡി തൊഴിലാളിയായ കെ.കെ. നാരായണൻ, 22ാം വയസിൽ പാർട്ടി നിർദേശമനുസരിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്. സഹകരണമേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. എകെജി ആശുപത്രി ചെയർമാൻ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News