Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 ഡിസംബര്‍ (H.S.)
തിരുവനന്തപുരം കോർപ്പറേഷനില്‍ കഴിഞ്ഞ അഞ്ച് വർഷം ബിജെപി കൗണ്‍സില്‍ നടപടികള്‍ തടസ്സപ്പെടുത്തി സംഘർഷഭരിതമാക്കിയെന്ന വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്ത്.
എല്‍ഡിഎഫ് ഭരണത്തില്‍ ഇനിയങ്ങോട്ട് മര്യാദയുണ്ടാകുമെന്നും ജനവിധി മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമർശനമാണ് മന്ത്രി ഉന്നയിച്ചത്.
പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ച മന്ത്രി, കഴിഞ്ഞ ഭരണകാലത്ത് ബിജെപി മര്യാദയ്ക്ക് കൗണ്‍സില്‍ നടത്താൻ സമ്മതിച്ചില്ലെന്ന് കുറ്റപ്പെടുത്തി. “ഞങ്ങള്‍ അങ്ങനെ ആയിരിക്കില്ല, ജനവിധി മാനിക്കുന്നു” – അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്തകളോട് പ്രതികരിച്ച മന്ത്രി, തെരുവുനായ ശല്യം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ തെരുവുനായ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന ഒരു കത്ത് മേയർ അദ്ദേഹത്തിന് കൈമാറണമെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെതിരെ കടുത്ത വിമർശനങ്ങളാണ് മന്ത്രി ഉന്നയിച്ചത്. കോണ്‍ഗ്രസ് ആർഎസ്‌എസിന്റെ ‘റിക്രൂട്ട്‌മെന്റ് ഏജൻസി’ ആയി മാറിയെന്നും കണക്കുകള്‍ കള്ളം പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുമായി ചേർന്ന് എല്‍ഡിഎഫിനെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തുകയാണെന്നും ഇതിന് കോണ്‍ഗ്രസിന് മടിയില്ലെന്നും മന്ത്രി വിമർശിച്ചു.
”35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കാമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസുകാരെ വിലയ്ക്ക് വാങ്ങാമെന്ന് കരുതിയാണ്.” – മന്ത്രി ആരോപിച്ചു. വി.കെ. പ്രശാന്തിന്റെ വിഷയത്തില്‍ ബിജെപിക്ക് കുടപിടിച്ചത് വി.എസ്. ശബരിനാഥനും മുരളീധരനുമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ യോഗത്തില്‍ പിഎം ശ്രീ വിഷയത്തില്‍ വിമർശനം ഉയർന്നുവെന്ന വാർത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയതിന്റെ ഉദ്ദേശ്യമെന്താണെന്ന് മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ വലിയ വികാരം ഉണ്ടായി എന്നുള്ള മാധ്യമ റിപ്പോർട്ടുകള്‍ ‘ഭാവനകള്‍’ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.കോർപ്പറേഷൻ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു.
നിയമവിരുദ്ധ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പുതിയ കോർപ്പറേഷന് പരിശോധിക്കാം. എന്നാല്‍, സർക്കാരിന്റെയും കോർപ്പറേഷന്റെയും അധികാരപരിധി അറിഞ്ഞിരിക്കണം. ഒരുപാട് മറ്റ് പ്രശ്നങ്ങള്‍ നഗരസഭയ്ക്ക് മുന്നിലുള്ളപ്പോള്‍ ഒരു കെട്ടിടത്തിന്റെ വിഷയം മാത്രം വലുതാക്കി കാണിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭാസ കാര്യങ്ങളെക്കുറിച്ചും മന്ത്രി അറിയിപ്പുകള്‍ നല്‍കി. അടുത്ത അധ്യയന വർഷത്തേക്കുള്ള ഒന്ന് മുതല്‍ 12 വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം കേരളത്തില്‍ പൂർത്തിയായതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു. കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ പരിഷ്കരിച്ച പാഠപുസ്തകങ്ങളില്‍ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാക്ക് ബെഞ്ച് ഒഴിവാക്കുന്നതും സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതും സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇത് അടുത്ത കരിക്കുലം കമ്മിറ്റിയില്‍ പ്രസിദ്ധീകരിക്കും. അവധിക്കാലത്ത് സ്‌കൂളില്‍ ക്ലാസ്സ് എടുക്കാൻ പാടില്ലെന്നും കുട്ടികള്‍ കളിക്കേണ്ട സമയത്ത് കളിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR