Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ഡിസംബര്‍ (H.S.)
ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോള്‍, കോണ്‍ഗ്രസ് ഇപ്പോള്‍ ആര്‍എസ്എസിന്റെ റിക്രൂട്ടിംഗ് ഏജന്‍സികളായി മാറിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശശി തരൂരിനും ദിഗ് വിജയ് സിംഗിനും പിന്നാലെ ഇതാ സല്‍മാന്‍ ഖുര്‍ഷിദും ആര്‍എസ്എസിനെ വാഴ്ത്തിപ്പാടുന്നു. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ 17 ഭാഷ അറിയുന്ന പ്രധാനമന്ത്രി നരസിംഹറാവു മൗനം പാലിച്ചത് ആര്‍ക്ക് വേണ്ടിയായിരുന്നോ, അതേ മൗനവും വിധേയത്വവുമാണ് കോണ്‍ഗ്രസ് ഇന്നും തുടരുന്നത്. ഇവിടെ കേരളത്തിലേക്ക് വന്നാല്‍ ചിത്രം കൂടുതല്‍ വ്യക്തമാണ്. ദേശീയതലത്തില്‍ വാഴ്ത്തുപാട്ടാണെങ്കില്‍, കേരളത്തില്‍ അത് കോണ്‍ഗ്രസ് - ബിജെപി സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലംമെന്നും മന്ത്രി പറഞ്ഞു.
നടന്നത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമല്ല, പച്ചയായ വോട്ട് കച്ചവടമാണ്. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ആരുമായും വോട്ട് പങ്കിടാന്‍ കോണ്‍ഗ്രസിന് മടിയില്ല. എന്നിട്ടും 10 സീറ്റ് നേടി എല്‍ഡിഎഫ് തന്നെ അവിടെ വലിയ ഒറ്റക്കക്ഷിയായി എന്നത് ഈ വര്‍ഗ്ഗീയ കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണ്.
മറ്റത്തൂര്‍ പഞ്ചായത്തംഗം കെ.ആര്‍ ഔസേഫിന്റെ വെളിപ്പെടുത്തല്‍ നിങ്ങള്‍ കേട്ടില്ലേ? തൃശ്ശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബൂത്ത് പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. തൃശ്ശൂരില്‍ ബിജെപി ജയിച്ചതും വോട്ട് വിഹിതം കൂടിയതും കോണ്‍ഗ്രസിന്റെ ഈ 'അടപടലം' വോട്ട് മറിക്കല്‍ കൊണ്ടാണ്. എന്നിട്ടും ബിജെപിയുമായി അധികാരം പങ്കിടുന്ന അംഗങ്ങളെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ? ഇല്ല. കാരണം, 'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി' എന്നതാണ് അവരുടെ മുദ്രാവാക്യം. 35 എംഎല്‍എമാരുണ്ടായാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത് ഈ കോണ്‍ഗ്രസുകാരെ വിലയ്‌ക്കെടുക്കാം എന്ന ധൈര്യം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്‍സിലര്‍ ആവശ്യപ്പെടുമ്പോള്‍, അതിന് കുടപിടിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരനും ശബരിനാഥനുമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഏജന്റാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ആര്‍എസ്എസ് അജണ്ടയാണ്. അത് മുരളീധരനെപ്പോലുള്ളവര്‍ ഏറ്റെടുക്കുന്നത് ലജ്ജാകരമാണ്. മുരളീധരന്റെ കുടുംബമാണ് ഇപ്പോള്‍ ബിജെപിയിലേയ്ക്കുള്ള കോണ്‍ഗ്രസിന്റെ പാലമെന്നും മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S