'പരസ്യത്തില്‍ അഭിനയിച്ചതിന് പണം തന്നില്ല, സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പിന്റെ ഭാഗമായില്ല; ജയസൂര്യ
Kochi, 30 ഡിസംബര്‍ (H.S.) സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടന്‍ ജയസൂര്യ. ഇഡി ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തത്. പരസ്യത്തില്‍ അഭിനയി
jayasurya


Kochi, 30 ഡിസംബര്‍ (H.S.)

സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടന്‍ ജയസൂര്യ. ഇഡി ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തത്. പരസ്യത്തില്‍ അഭിനയിക്കുന്നതിന് കരാര്‍ പ്രകാരം നല്‍കേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല.

സേവ് ബോക്സ് ആപ്പില്‍ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആപ്പുമായി ബന്ധപ്പെട്ട് ജയസൂര്യക്ക് എന്തെങ്കിലും ബിസിനസ് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

ജയസൂര്യയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. തൃശ്ശൂര്‍ സ്വദേശി സ്വാതിക് റഹിം 2019ല്‍ തുടങ്ങിയ സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ലേല ആപ്പാണിത്. ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി 2023 ലാണ് പുറത്തുവരുന്നത്. പിന്നാലെ സ്വാതിക് റഹീം പിടിയിലായി. തുടര്‍ന്ന് ഇഡിയും ഇദ്ദേഹത്തിനെതിരെ കേസെടുത്തു.സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ.

രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് സ്വാതിക് റഹീം വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്റെ പ്രചാരണത്തില്‍ നവമാധ്യമങ്ങളിലടക്കം ഭാഗമായി. സ്വാതികിനും ജയസൂര്യക്കുമിടയില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷമാണ് ജയസൂര്യയെ ഇഡി വിളിപ്പിച്ചത്. ഡിസംബര്‍ 24നും ജയസൂര്യ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇന്നലെ ജയസൂര്യയുടെ ഭാര്യ സരിതയും മൊഴി നല്‍കാനെത്തി. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സരിതയാണ്. ഇതാണ് അന്വേഷണം ഇവരിലേക്കും നീളാന്‍ കാരണം.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ലേലത്തിനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഇങ്ങനെ കോയിനുകള്‍ വാങ്ങിയവര്‍ക്കാണ് പണം പോയത്.

ഇതുകൂടാതെ സേവ് ബോക്സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തും സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി. 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഇഡി അന്വേഷണവും നടക്കുന്നത്. ഈ മാസം 24നും ഇഡി ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.

ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സ് ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണെന്നായിരുന്നു 2019ല്‍ ആരംഭിക്കുമ്പോഴുള്ള പ്രചാരണം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഒട്ടേറെ പേരാണ് ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലേലത്തിലൂടെ സ്വന്തമാക്കല്‍, ആമസോണ്‍ മാതൃകയിലുള്ള സേവ് ബോക്‌സ് എക്സ്പ്രസ് എന്ന ഡെലിവറി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി, സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം ശരിയാക്കല്‍, ഇന്ത്യയിലെ ആദ്യ ക്രിപ്‌റ്റോ ഏജന്‍സി ആരംഭിക്കല്‍ തുടങ്ങി ഒട്ടേറെ പദ്ധതികളില്‍ നിന്നായി കോടിക്കണക്കിനു രൂപയാണ് സ്വാതിക് ആളുകളില്‍നിന്ന് പിരിച്ചത്. 25,000 രൂപ നിക്ഷേപിച്ചാല്‍ മാസം 5 ലക്ഷം രൂപയുടെ വരുമാനം പോലുള്ള വാഗ്ദാനങ്ങളും ഇയാള്‍ നടത്തിയിരുന്നു. എന്നാല്‍ ലാഭമൊന്നും കിട്ടാതെ വന്നതോടെ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഇതിന്റെ പിന്നാലെ 2023ല്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ കേസാണ് ഇപ്പോള്‍ ഇ.ഡി അന്വേഷിക്കുന്നതും.

ചലച്ചിത്ര മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്വാതിക് ഇതിന്റെ മറവിലും തട്ടിപ്പ് നടത്തിയെന്ന് പരാതിയുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഉപയോഗിച്ചു. രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഒരു ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാവുകയും ചെയ്തു. ഒട്ടേറെ സിനിമ പ്രവര്‍ത്തകര്‍ക്ക് സ്വാതികുമായി ബന്ധമുണ്ടെങ്കിലും ജയസൂര്യ ബ്രാന്‍ഡ് അംബാസിഡറിനെ പോലെ പ്രവര്‍ത്തിച്ചിരുന്നു എന്ന് ഇ.ഡി പരിശോധിക്കുന്നുണ്ട്. സ്വാതികുമായുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 24നും ഇ.ഡി ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News