കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്: ഇരകളെ പ്രദേശത്ത് നിന്ന് പൂര്‍ണമായും ഒഴിപ്പിക്കും; പുതിയ ഫ്‌ലാറ്റിന് സബ്‌സിഡി
Karnataka, 30 ഡിസംബര്‍ (H.S.) യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ പ്രദേശത്ത് നിന്ന് നീക്കാന്‍ നടപടി തുടങ്ങി. ഇരകളോട് പ്രദേശം വിടണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ) നിര്‍ദേശം നല്‍കി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പത്തുമണിക്കുള്ളില്‍ സ്ഥലം
yelahanka-eviction


Karnataka, 30 ഡിസംബര്‍ (H.S.)

യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ പ്രദേശത്ത് നിന്ന് നീക്കാന്‍ നടപടി തുടങ്ങി. ഇരകളോട് പ്രദേശം വിടണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ) നിര്‍ദേശം നല്‍കി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പത്തുമണിക്കുള്ളില്‍ സ്ഥലം കാലിയാക്കണമെന്നാണ് നിര്‍ദേശം. ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ താമസക്കാരോടാണ് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വീടുകളിലെ ഉപകരണങ്ങളും അവശ്യ സാധനങ്ങളും മാറ്റാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍. അതേസമയം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഫ്ളാറ്റിന് പണം നല്‍കേണ്ടതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ബൈപ്പനഹള്ളിയിലെ ഫ്ളാറ്റ് ലഭിക്കാന്‍ 5 ലക്ഷം രൂപ നല്‍കേണ്ടിവരുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഫ്‌ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജനറല്‍ വിഭാഗത്തിന് സബ്‌സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. എസ്സി/ എസ്ടി വിഭാഗത്തിന് സബ്‌സിഡിയായി 9.5 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. ബാക്കി വരുന്ന തുകയ്ക്ക് വായ്പ സൗകര്യം ഒരുക്കാനും ധാരണയായിട്ടുണ്ട്.

സംസ്ഥാന ഗവണ്‍മെന്റ് സബ്‌സിഡിയ്ക്ക് പുറമേ കേന്ദ്ര സബ്‌സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്‌സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അര്‍ഹരായവരുടെ പട്ടിക നാളെ മുതല്‍ തയ്യാറാക്കി തുടങ്ങും. ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഡിസംബര്‍ ഇരുപതിനാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ കയ്യേറ്റം ആരോപിച്ച് നാന്നൂറിലധികം വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ബുള്‍ഡോസറുപയോഗിച്ച് ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും വീടുകള്‍ പൊളിച്ചുമാറ്റിയത്. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമില്‍ 180 ഫ്ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കാന്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള യഥാര്‍ഥ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും വീടുകള്‍ നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടില്‍ (വസീം ലേഔട്ട്, ഫക്കീര്‍ കോളനി) പുലര്‍ച്ചെ നാല് മണിക്ക് നടന്ന അപ്രതീക്ഷിത ബുള്‍ഡോസര്‍ രാജ് നടപടിയില്‍ മുന്നൂറിലധികം വീടുകളാണ് തകര്‍ക്കപ്പെട്ടത്. മൂവായിരത്തോളം പാവപ്പെട്ട ജനങ്ങളാണ് കൊടും തണുപ്പില്‍ തെരുവിലാക്കപ്പെട്ടത്.

കുടിയൊഴിപ്പിക്കലിന് മുന്‍പ് 15 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന, സുപ്രീം കോടതിയുടെ നവംബര്‍ 2024ലെ ചരിത്രപരമായ വിധി നിലനില്‍ക്കെയാണ് ബിഎസ്ഡബ്ല്യുഎംഎല്‍ (BSWML) ഉദ്യോഗസ്ഥര്‍ പൊലീസ് സന്നാഹത്തോടെ ഇവിടേക്ക് ഇരച്ചുകയറിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം 150-ഓളം പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കല്‍ വേട്ട. 30 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നവര്‍ക്ക് തങ്ങളുടെ വസ്ത്രങ്ങളോ കുട്ടികളുടെ പഠനരേഖകളോ എടുക്കാന്‍ പോലും സമയം നല്‍കിയില്ല. ദരിദ്രരായ ഈ മനുഷ്യരുടെ ഉപജീവനമാര്‍ഗമായ കച്ചവട വണ്ടികള്‍ പോലും അധികൃതര്‍ തകര്‍ത്തെറിഞ്ഞു.

സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിനായി ഭൂമി വീണ്ടെടുക്കാനാണ് ഈ ക്രൂരതയെന്നാണ് ഔദ്യോഗിക വിശദീകരണം. പിടിച്ചെടുത്ത ഭൂമിക്ക് 80 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥര്‍, ആ ഭൂമിയില്‍ ദശകങ്ങളായി വിയര്‍പ്പൊഴുക്കി ജീവിച്ച മനുഷ്യരെക്കുറിച്ച് മൗനം പാലിക്കുകയാണ്. പ്രാദേശിക എംഎല്‍എയും മന്ത്രിയുമായ കൃഷ്ണ ബൈരെ ഗൗഡയോട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഇരകളെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നാണ് ആരോപണം

---------------

Hindusthan Samachar / Sreejith S


Latest News