Enter your Email Address to subscribe to our newsletters

New delhi, 30 ഡിസംബര്‍ (H.S.)
ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയയുടെ മരണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഹൃദയ, ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 13 ന് ധാക്കയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ അവിടെ, ഒരു പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ ചികിത്സയിലായിരുന്നു.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയില്‍, ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങള്‍ക്കും അവര്‍ നല്‍കിയ സംഭാവന ഓര്‍മ്മിക്കപ്പെടും. ഖാലിദ സിയയുടെ വീക്ഷണവും പാരമ്പര്യവും ഇന്ത്യ - ബംഗ്ലാദേശ് പങ്കാളിത്തത്തെ തുടര്‍ന്നും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.
''മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ധാക്കയിലെ വിയോഗ വാര്‍ത്ത കേട്ടതില്‍ അതിയായ ദുഃഖമുണ്ട്. അവരുടെ കുടുംബത്തിനും ബംഗ്ലാദേശിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. സര്‍വ്വശക്തന്‍ അവരുടെ കുടുംബത്തിന് ഈ ദാരുണമായ നഷ്ടം താങ്ങാനുള്ള ശക്തി നല്‍കട്ടെ.''
''2015-ല്‍ ധാക്കയില്‍ വെച്ച് അവരുമായുള്ള എന്റെ കൂടിക്കാഴ്ച ഞാന്‍ ഓര്‍ക്കുന്നു. അവരുടെ ദര്‍ശനവും പൈതൃകവും നമ്മളുടെ പങ്കാളിത്തത്തെ തുടര്‍ന്നും നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,''എക്‌സ്' പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു,
ഇന്ന് രാവിലെയാണ് ബംഗ്ലദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചത്.. എണ്‍പത് വയസായിരുന്നു. നെഞ്ചില്‍ അണുബാധ മൂലം നവംബര്‍ 23നാണ് ഖാലിദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഖാലിദ സിയ നേരിട്ടിരുന്നു. വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകള്‍ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ടായിരുന്നു. ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഖാലിദ സിയ.
ഹൃദ്രോഗ വിദഗ്ധനായ ഷഹാബുദ്ദീന്‍ താലൂക്ക്ദാറിന്റെ നേതൃത്വത്തില്‍, ബംഗ്ലദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ ഒരു മെഡിക്കല്‍ ബോര്‍ഡാണ് ഖാലിദ സിയയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. ഖാലിദ സിയയെ ഡിസംബര്‍ ആദ്യം വിദേശത്തുകൊണ്ടുപോയി ചികിത്സിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയാണ്. മൂന്നു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ല്‍ അഴിമതിക്കേസില്‍ ശിക്ഷിച്ചിരുന്നു. ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S