Enter your Email Address to subscribe to our newsletters

Kochi, 30 ഡിസംബര്‍ (H.S.)
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വ.സായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അമ്മയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന് രണ്ട് വര്‍ഷം മുന്‍പ് ഒരു കുറിപ്പില്‍ താരം വെളിപ്പെടുത്തിയിരുന്നു.
പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. കണ്ണുകളിലൂടെയാണ് താന്‍ അമ്മയോട് സംസാരിക്കുന്നതെന്നും കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ താന്‍ ആ സ്‌നേഹവും വാല്‍സല്യവും അറിയുന്നുവെന്നും അദ്ദേഹം എഴുതി. അമ്മയുടെ സ്പര്‍ശനത്തിലും തലോടലിലും തലയിളക്കലിലും ഒരു ഭാഷ തിരിച്ചറിയാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും പണ്ട് അമ്മ ഉരുള ഉരുട്ടി നല്‍കിയത് പോലെ താന്‍ അമ്മയെ ഊട്ടാറുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാവുന്നത് താന്‍ അറിയുന്നുണ്ടെന്നും അനുഭവിക്കുന്നുണ്ടെന്നും തന്നെയും മനുഷ്യജീവിതത്തെയും അതില്‍ അറിയുന്നുവെന്നും അദ്ദേഹം വൈകാരികമായി എഴുതിയിരുന്നു.
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.
സംസ്‌കാരം നാളെ നടത്തും. തിരുവനന്തപുരത്താകും സംസ്‌കാരം എന്നാണ് ലഭിക്കുന്ന വിവരം.
---------------
Hindusthan Samachar / Sreejith S